കൊച്ചിയിൽ ചായക്കടയിൽ ജോലി ചെയ്യുന്ന 'ബോളിവുഡ് നടൻ'; നാടുവിട്ടെത്തിയത് 'മോഹൻലാലിനൊപ്പം അഭിനയിക്കാൻ'
കൊച്ചി: സിനിമ മോഹങ്ങളുമായി നാടുവിടുന്നവർ കുറവല്ല. സിനിമയിൽ ഒന്ന് മുഖം കാണിക്കാനായി ചെന്നൈയിലും മുുംബൈയിലുമേക്കൊക്കെ വണ്ടി കയറിയ എത്രയോ മലയാളികൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. എന്നാൽ സിനിമാ മോഹവുമായി കേരളത്തിലേക്ക് നാടുവിട്ട 'നടനെ' കുറിച്ചാണ് ഇപ്പോൾ പറയുന്നത്.
ഒഡീഷ സ്വദേശിയായ ചന്ദു നായക് ആണ് മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറിയത്. ഇപ്പോൾ കൊച്ചിയിൽ ചായക്കടയിൽ ജോലി ചെയ്യുകയാണ് ചന്ദു.

Credit- screengrab: Mediaone
18ാം വയസ് മുതൽ ചന്ദു അഭിനയിച്ച് തുടങ്ങിയിരുന്നു. നാട്ടിൽ റിയാലിറ്റി ഷോ താരമാണ്. ഷോ വിജയിച്ചതോടെയാണ് അഭിനയത്തിൽ സജീവമായത്. സൽമാൻ ഖാന്റെ 'ദബാങ്ങ് 2' അടക്കം രണ്ട് ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായ സിനിമകൾ കണ്ടതോടെയാണ് മലയാള സിനിമയിൽ അഭിനയിക്കണമെന്ന മോഹം മൊട്ടിട്ടത്. അതോടെ രണ്ടര വർഷം മുൻപ് കൊച്ചിയിൽ എത്തി.
കൊച്ചിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ബാബു നായ്ക്ക് ആയിരുന്നു ഇവിടേക്ക് വരാൻ ചന്ദുവിനെ സഹായിച്ചത്. ഇപ്പോൾ സ്റ്റാച്യു ജങ്ഷനിൽ സ്റ്റീഫൻ എന്ന വ്യക്തിയുടെ ചായക്കടയിൽ സഹായിയായി നിൽക്കുകയാണ് ചന്ദു. തിരക്കേറിയ കടയാണെങ്കിലും ചന്ദുവിന് സ്റ്റീഫനും കുടുംബവും പൂർണ പിന്തുണ നൽകുന്നുണ്ട്.
ബോഡി ബിൽഡർ കൂടിയാണ് യുവാവ്. അതുകൊണ്ട് തന്നെ വർക്ക് ഔട്ട് ചെയ്യാനുള്ള സമയവും ജോലിക്കിടയിൽ ചന്ദു കണ്ടെത്തുന്നുണ്ട്. ' ആക്ടിങ് ആണ് അവന്റെ പാഷൻ, രാവിലെ വർക്ക് ഔട്ട് ചെയ്യാൻ പോകുന്നുണ്ട്. അതിന് ശേഷമാണ് അവൻ ജോലിക്ക് വരുന്നത്. അവന് എല്ലാ പിന്തുണയും ഞങ്ങൾ ചെയ്യുന്നുണ്ട്,മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നാണ് അവന്റെ ആഗ്രഹം . അതിനാണ് അവൻ നാടുവിട്ട് വന്നിരിക്കുന്നത്', സ്റ്റീഫനും കുടുംബവും പറഞ്ഞു.
നിരവധി സംവിധായകരെ പോയി കണ്ടെങ്കിലും ചന്ദുവിന് ഇതുവരെ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഉടൻ തന്നെ തന്റെ കഠിനാധ്വാനവും ശ്രമങ്ങളും ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.












Click it and Unblock the Notifications