'വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂം ഇല്ല, റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയുടെ ചികിത്സാ സമയത്ത്'; ചിന്ത ജെറോം
പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലത്തെ ഫോര്‍ സ്റ്റര് ഹോട്ടലില്‍ താമസിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി യുവജവന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം രംഗത്ത്. അമ്മയുടെ ചികിത്സാ സമയത്തയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ചഡ് ബാത്ത്‌റൂമിനായി വീട് പുതുക്കി പണിയുന്ന സമയത്താണ് ഇതെന്നുമാണ് ചിന്ത ജെറോം നല്‍കുന്ന വിശദീകരണം. മാസം 20000 രൂപയാണ് വാടകയിനത്തില്‍ നല്‍കിയതെന്നും ചിന്ത പറയുന്നു. തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് വാടക നല്‍കിയതെന്നും ചിന്ത വിശദീകരണത്തില്‍ പറയുന്നു.

അമ്മയ്ക്ക് സ്‌ട്രോക്ക്
കൊവിഡ് കാലത്താണ് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നത്. നടക്കാന്‍ പ്രയാസമുളള സമയമായിരുന്നു. വീട്ടില്‍ അറ്റാച്ചഡ് ബാത്ത്‌റൂം ഇല്ലാത്തത് കൊണ്ട് വീട് പുതുക്കി പണിയേണ്ടി വന്നു. ഈ സമയത്ത് അമ്മയ്ക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ താഴെ വാടകയ്ക്ക് എടുത്താണ് താമസിച്ചത്.

വാടകയായി 20000 രൂപ
മാസ വാടകയായി 20000 രൂപയാണ് നല്‍കിയിരുന്നത്. കുറച്ച് മാസം അമ്മയുടെ പെന്‍ഷന്‍ തുകയില്‍ നിന്നും കുറച്ച് മാസം തന്റെ കയ്യില്‍ നിന്നുമാണ് പണം ചെലവാക്കിയത്. റിസോര്‍ട്ടുകാര്‍ 20000 രൂപയാണ് വാടകയായി നല്‍കാന്‍ ആവശ്യപ്പെട്ടത്. ആ തുകയാണ് നല്‍കിയതെന്നും ചിന്ത പറയുന്നു.

ഒന്നേമുക്കാല്‍ വര്‍ഷം
മാതാപിതാക്കള്‍ക്ക് പെന്‍ഷനുണ്ട്. അമ്മയുടെ ചികിത്സയ്ക്കാണ് ആ സമയത്ത് പ്രാധാന്യം നല്‍കിയത്. തന്റെ സ്വകാര്യ വിവരങ്ങള്‍ പുറത്തുപറയുന്നതില്‍ ദുഖമുണ്ടെന്നും ചിന്ത വ്യക്തമാക്കി. കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

ഇഡിക്ക് പരാതി
പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഇ ഡിക്ക് പരാതി നല്‍കിയിരുന്നു. ചിന്തയുടെ വരുമാന സ്രോതസ് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.

ചിന്താ ജെറോമിന്റെ നക്ഷത്ര വാസം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതിയുമായി ഇ ഡിയെ സമീപിച്ചത്. യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ നക്ഷത്ര റിസോര്‍ട് താമസവുമായി ബന്ധപ്പെട്ട് വിജിലന്‍സിനും ഇ ഡി കും നല്‍കിയ പരാതിയില്‍ മറുപടി ശ്രദ്ധയില്‍പ്പെട്ടു. ചിന്താ ജെറോമിന്റെ നക്ഷത്ര വാസം നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട ജിഎസ്ടി കമ്മീഷണര്‍ക്ക് ഇന്ന് പരാതി നല്‍കിയെന്ന് വിഷ്ണു സുനില്‍ അറിയിച്ചു.

സൗജന്യ നിരക്കില്‍ റിസോര്‍ട്ട്
സാധാരണക്കാര്‍ക്ക് പ്രതിദിനം ജി എസ് ടി അടക്കം 6500 രൂപ വാടകയ്ക്ക് നല്‍കുന്ന നക്ഷത്ര അപ്പാര്‍ട്ട്‌മെന്റ് എന്തിന്റെ അടിസ്ഥാനത്തിലാണ് യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍മാനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവും ആയ ഒരു വ്യക്തിക്ക് സൗജന്യ നിരക്കില്‍ നല്‍കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

സാധാരണക്കാരന് ഈ ആനുകൂല്യം ലഭിക്കുമോ?
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ജി എസ് ടി വെട്ടിക്കാന്‍ റിസോര്‍ട്ട് ഉടമയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നോ യുവജ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഏതെങ്കിലും ഒരു സാധാരണക്കാരന് ഈ ആനുകൂല്യം ലഭിക്കുമോ? അധികാര ദുര്‍വിനിയോഗത്തിന്റെ പ്രതിഫലമായാണ് ഇങ്ങനെയൊരു ആനുകൂല്യം ലഭിച്ചിട്ടുള്ളത് എന്നുണ്ടെങ്കില്‍ അത് നിഷേധിക്കാനാവുമോ? ഈ വിഷയത്തില്‍ ചിന്താ ജെറോം സ്ഥാനം രാജിവച്ച് വിജിലന്‍സ് അന്വേഷണം നേരിടുകയാണ് വേണ്ടത്. നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാന്‍ പോരാടുക തന്നെ ചെയ്യുമെന്നും വിഷ്ണു വ്യക്തമാക്കി.












Click it and Unblock the Notifications