'പരാതി കൊടുത്തവർ പുറത്തോ'? വയനാട് ഫണ്ട് തിരിമറി ആരോപണത്തിലെ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം
കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. ആരോപണ വിധേയനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിക്കാരനൊപ്പം നിലകൊണ്ട എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷികിനെതിരെയാണ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഘടനാപരമായ ജാഗ്രത കുറവുണ്ടായതിനാല്‍ എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി ഹാഷികിനെ പത്ത് ദിവസത്തേക്ക് തല്‍സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചേളന്നൂർ മണ്ഡലം പ്രസിഡന്റ് അമല്‍ ദിവാനന്ദ് നേരത്തെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്നതും ചോർന്നതിന് പിന്നിലും പി ഹാഷിഖ് ആണെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നും പ്രാദേശിക സംഘടന പ്രവർത്തകർ അറിയിക്കുന്നു.
ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിയുമായി രംഗത്ത് എത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നത് അനീതിയാണെന്നും പ്രവർത്തർ അഭിപ്രായപ്പെടുന്നു. ബ്രീത്ത് ഓഫ് കക്കോടി കോണ്‍ഗ്രസ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ ശക്തമാണ്.
നിയോജക മണ്ഡലം പ്രസിഡന്റിനെതിരെ അച്ചടക്ക നടപടിക്ക് പ്രേരിപ്പിച്ചത് ഈ പരാതി മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അവർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പരാതി കൊടുത്തവർ പാർട്ടിക്ക് പുറത്തോ
അന്വേഷണ കമ്മിഷൻ കണ്ടെത്തിയ കുറ്റം സാദാരണ പ്രവർത്തകർക്ക് അറിയാൻ താല്പര്യമുണ്ട്. വയനാട് ദുരിത്വശ്വാസ ഫണ്ടിന്റെ പേരിൽ പണം പിരിക്കുന്ന കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ശിങ്കിടികൾ പരസ്പരം പോരടിച്ചതിന്റെ പരിണിത ഫലം, അത് പരാതിയായി കൊടുത്ത നിയോജക മണ്ഡലം പ്രസിഡന്റിനെതിരെ അച്ചടക്ക നടപടിക്ക് പ്രേരിപ്പിച്ചത് ഈ പരാതി മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ സംരക്ഷിക്കാൻ വേണ്ടി മാത്രം.
സംസ്ഥാന പ്രസിഡന്റ് അന്വേഷണ കമ്മിഷൻ ആയി വെച്ചത് കുറ്റരോപിതനായ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഗ്രൂപ്പിന്റെ നേതാക്കളെ. അവർ അവനെ വെള്ള പൂശാനായി ബലിയാടാക്കിയിരിക്കുന്നത് നിയോജക മണ്ഡലം പ്രസിഡന്റിനെ. ഇങ്ങനെ പോയാൽ ഈ പാർട്ടിയുടെ ഗതി എന്ത്? ഇത്തരത്തിൽ പിരിവ് നടത്തുനവർക്ക് കുടപിടിക്കുകയാണോ സംസ്ഥാന യൂത്ത് കോൺഗ്രസ്.












Click it and Unblock the Notifications