'യൂത്ത് കോൺഗ്രസ് ബോധപൂർവ്വം സംഘർഷമുണ്ടാക്കി', പോലീസുകാർക്കെതിരെയും നടപടി വേണമെന്ന് പിണറായി
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്നും യൂത്ത് കോൺഗ്രസ് മാർച്ച് ആരംഭിച്ചത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കത്തിൽ പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
പ്രകോപനം ഇല്ലാതെയാണ് ഹോസ്റ്റിലേക്ക് യൂത്ത് കോൺഗ്രസുകാർ തീപ്പന്തം വലിച്ചെറിഞ്ഞതെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്സ് നേതൃത്വം അവരെ പിന്തിരിപ്പിച്ചില്ലെന്നും പിണറായി ആരോപിച്ചു. വിദ്യാർത്ഥികളെ ആക്രമിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെയും ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്ത് പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്: ' തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന യൂത്ത് കോൺഗ്രസ് - പോലീസ് അതിക്രമത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതി.
കത്തിന്റെ പൂർണ്ണരൂപം:
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസ്സും കേരള പോലീസും സംയുക്തമായി നടത്തിയ ആസൂത്രിതവും ഏകപക്ഷീയവുമായ അക്രമസംഭവങ്ങളിൽ അങ്ങയുടെ അടിയന്തര ശ്രദ്ധയും കർശന ഇടപെടലും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ കത്ത് നൽകുന്നത്. സാധാരണയായി സമര പരിപാടികൾ ആരംഭിക്കാറുള്ള രക്തസാക്ഷി മണ്ഡപമോ ആശാൻ സ്ക്വയറോ ഒഴിവാക്കി, യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്നും മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം തികച്ചും ദുരൂഹമാണ്. ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണ്. അതിനാൽ, ഈ മാർച്ചിന് ഹോസ്റ്റൽ പരിസരത്തുനിന്നും ആരംഭിക്കാൻ പോലീസ് അനുമതി നൽകിയിരുന്നോ എന്ന കാര്യം അടിയന്തരമായി അന്വേഷിക്കേണ്ടതുണ്ട്.

സെപ്റ്റംബർ 30-ന് രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിനു നേരെ തീപ്പന്തങ്ങൾ ഉൾപ്പെടെ വലിച്ചെറിഞ്ഞത്. വൈദ്യുതി തടസ്സപ്പെട്ടപ്പോൾ ചില വിദ്യാർത്ഥികൾ കൂവിയെന്നത് അക്രമത്തിനുള്ള ന്യായീകരണമായി പറയുന്നത് തികച്ചും ബാലിശമാണ്. അക്രമികളുടെ നടപടിയെത്തുടർന്ന് ഹോസ്റ്റലിലേക്ക് തീപടരുകയും, പിന്നീട് അഗ്നിരക്ഷാ സേനയെത്തി തീയണക്കേണ്ട സാഹചര്യവുമുണ്ടായി. വടിവാൾ, കരിങ്കല്ല്, ഇഷ്ടിക, ബിയർ കുപ്പികൾ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ ഇരുന്നൂറോളം വരുന്ന അക്രമിസംഘം ക്യാമ്പസ് വളയുകയും, അവരുടെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഇതെല്ലാം നോക്കി നിൽക്കുകയെന്നല്ലാതെ അക്രമികളെ തടയുന്ന കാര്യത്തിൽ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്സ് നേതൃത്വം അക്രമികളെ പിന്തിരിപ്പിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല എന്നത് വ്യക്തമാണ്. ജില്ലാ അധ്യക്ഷൻ തന്നെ ഹോസ്റ്റലിലേക്ക് കല്ലെറിയുന്ന ദൃശ്യം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് അവസാനിച്ചിട്ടും ഒരു കൂട്ടം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഹോസ്റ്റൽ പരിസരത്തേക്ക് തിരിച്ചെത്തുകയുണ്ടായി. ശേഷം ഹോസ്റ്റൽ പരിസരത്ത് തമ്പടിച്ച് അക്രമം തുടർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുന്നതിന് പകരം, അവർക്ക് പൂർണ്ണ സംരക്ഷണം നൽകുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
പിന്നീട് പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ഹോസ്റ്റലിലെത്തിയ പോലീസ്, യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ ഹോസ്റ്റൽ ഗേറ്റ് തകർത്ത് അതിക്രമിച്ചു കയറിയാണ് പോലീസ് ഈ ക്രൂരത കാട്ടിയത്. ഹോസ്റ്റൽ വാർഡന്റെ അനുമതിയില്ലാതെയാണ് ഹോസ്റ്റലിനകത്തു കയറി പോലീസ് ആക്ഷൻ നടപ്പാക്കിയത്. ഇത് ഗുരുതരമായ നിയമലംഘനമാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളെ ശാന്തരാക്കാൻ എത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പോലീസ് മൃഗീയമായി മർദ്ദിച്ചു.
അക്രമികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കാതെ ഹോസ്റ്റൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. പോലീസിന്റെ ഈ അതിക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും, നാൽപ്പതോളം പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് യൂത്ത് കോൺഗ്രസ്സുകാർ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിനും പോലീസ് മൗനാനുവാദം നൽകുകയാണുണ്ടായത്.
കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെ ഒരു മന്ത്രിയെ ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറക്കിവിട്ട യുവമോർച്ചക്കാർക്കെതിരെ ലാത്തിയെടുക്കാത്ത പോലീസാണ്, ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളുടെ തലതല്ലിപ്പൊളിച്ചത്. കാസർഗോഡ് കായിക മന്ത്രിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും, സമാനമായ പ്രതിഷേധം നടത്തിയ യുവമോർച്ചക്കാർക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളും ചുമത്തുന്ന കേരള പോലീസിന്റെ ഇരട്ടനീതി തന്നെയാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നത്.
പോലീസ് തേർവാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സി.പി.ഐ.(എം) നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ്, അക്രമികളായ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സർക്കാർ സ്ഥാപനമായ യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമിക്കുന്നത് PDPP ആക്റ്റ് പ്രകാരം ജാമ്യമില്ലാ കുറ്റമായതിനാൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതാണ്.
എസ്.എഫ്.ഐ വിദ്യാർത്ഥികളോട് നിരന്തരം മുൻവിധിയോടും അപമര്യാദയോടും നിലവിട്ടു പെരുമാറുന്ന കന്റോൺമെന്റ് എസ്.ഐയുടെ നടപടികൾ അംഗീകരിക്കാൻ കഴിയില്ല. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഈ ഉദ്യോഗസ്ഥൻ, ഈ ഭീഷണി സംഭാഷണത്തിൽ ആഭ്യന്തര മന്ത്രിയുടെ പേരുൾപ്പെടെ പരാമർശിക്കുന്ന തലത്തിലേക്ക് തരംതാഴ്ന്നിരിക്കുകയാണ്.
കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റു ചെയ്യുമെന്നുള്ള കന്റോൺമെന്റ് എസ്.ഐയുടെ ഭീഷണി സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രവൃത്തിയാണ്.
ജനാധിപത്യ പ്രക്രിയയ്ക്ക് തെല്ലും വിലകൽപ്പിക്കാത്ത ഇത്തരം നടപടികളിലേക്ക് സർക്കാർ പോകുന്നത് ഗൗരവകരമായ പ്രശ്നമാണ്. പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള 2011 ലെ കേരള പോലീസ് ആക്ട് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് കന്റോൺമെന്റ് എസ്.ഐയുടെ പ്രവൃത്തി. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
വിദ്യാർത്ഥികളെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും, നിയമം സംരക്ഷിക്കാൻ ബാധ്യതയുണ്ടായിട്ടും അധികാരദുർവിനിയോഗം നടത്തി ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആഭ്യന്തര മന്ത്രിയുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.


Click it and Unblock the Notifications
