'ദിവ്യ എസ് അയ്യർ സർവീസ് ചട്ടം ലംഘിച്ചു'; പരാതി നൽകി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ രാഗേഷിനെ അഭിനന്ദിച്ചത് വലിയ വിവാദമായിരുന്നു. ദിവ്യ നടത്തി പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി.
കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ് ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ട ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ പരാതിയിൽ പറയുന്നു. ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ രാഷ്ട്രീയ ലാഭച്ചിന് വേണ്ടിയാണെന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട വിജിൽ പറഞ്ഞു.
വാക്കുകൊണ്ട് ഷൂ ലേസ് കെട്ടുകയാണ് ദിവ്യ ചെയ്തത് എന്നും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രൊഫഷണൽ അഭിപ്രായമാണ് എങ്കിൽ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജിൽ ചോദിച്ചു.
തികച്ചും രാഷ്ട്രീയമായ അഭിപ്രായമാണ് ദിവ്യ നടത്തിയതെന്നും ഐ എ എസ് പദവി രാജി വെച്ച് സി പി എം പ്രവർത്തകയായ ശേഷം വേണം ഇങ്ങനെ പറയാനെന്നും വിജിൽ പറഞ്ഞുയ അങ്ങനെയെങ്കിൽ ദിവ്യയ്ക്കെതിരെ തങ്ങൾക്ക് ഒന്നും പറയേണ്ട കാര്യമുണ്ടാകുമായിരുന്നില്ലെന്നും വിജിൽ പറഞ്ഞു.
കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ കെ ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!📕
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! 🖌 Thank you, for always considering us with utmost respect -- an art that is getting endangered in power corridors across the globe എന്നായിരുന്നു ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ വിവാദം ഉണ്ടായത്.
വിവാദത്തിന് പിന്നാലെ വിശദീകരണക്കുറിപ്പുമായി ദിവ്യ എത്തിയിരുന്നു. മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും.
ഏവരോടും, സസ്നേഹം എന്നാണ് ദിവ്യ കുറിച്ചത്യ
ദിവ്യയ്ക്കെതിരെ വിമർശനം ഉയർന്നപ്പോൾ പിന്തുണയറിച്ച് സി പി എം നേതാവ് എ കെ ബാലൻ രംഗത്തെത്തിയിരുന്നു. ദിവ്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചിരുന്നു. ദിവ്യ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ച എന്നാണ് വിശേഷിപ്പിച്ചത്.
വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിതരീകരിച്ചുള്ള അക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications