യൂത്ത് കോണ്‍ഗ്രസ് കോടികള്‍ പിരിച്ചെടുത്തിട്ട് ഇന്നേക്ക് 617 ദിവസം; കണക്ക് നിരത്തി സിപിഎം ജില്ലാ സെക്രട്ടറി
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് കോടികള്‍ പിരിച്ചെടുത്തിട്ട് 617 ദിവസം ആയെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ഫണ്ട് ശേഖരിക്കുന്നതിന് ആപ്പ് ആരംഭിച്ച തിയ്യതിയും നേതാക്കളുടെ ഓരോ പ്രഖ്യാപനത്തിന്റെ തിയ്യതിയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി 100 വീടുകള്‍ വയ്ക്കുമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് 100 വീടുകള്‍ വയ്ക്കുമെന്ന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ വയ്ക്കുമെന്ന് പറഞ്ഞു. മൊത്തം 230 വീടുകള്‍. പിന്നീട് 100 വീട് എന്ന നിലയിലേക്ക് ചുരുക്കി. സ്ഥലം വാങ്ങിയത് 25ല്‍ താഴെ വീടുകള്‍ക്ക്. വീണ്ടും വീണ്ടും കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്നും റഫീഖ് ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധി തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചിട്ട് 54 ദിവസമായി. വീട് നിര്‍മാണം 10 ദിവസം കൊണ്ട് ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ട് ഇന്നേക്ക് 44 ദിവസം, വീടുകളുടെ നിര്‍മാണം തുടങ്ങി എന്ന് വിഡി സതീശന്‍ പറഞ്ഞിട്ട് ഇന്നേക്ക് 22 ദിവസം. രാഹുല്‍ ഗാന്ധി ഇട്ട കല്ലിന് മുകളില്‍ മറ്റൊരു കല്ല് ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തുന്നു.
കെ റഫീഖിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ദുരന്ത ബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 585 ദിവസം. (ഫണ്ട് ശേഖരണത്തിനായുള്ള ''ആപ്പ്'' ആരംഭിക്കുന്നത് 2024 സെപ്തംബര്‍ 4 ന് )
30 വീട് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കോടികള്‍ പിരിച്ചെടുത്തിട്ട് ഇന്നേക്ക് 617 ദിവസം. ( 2024 ആഗസ്റ്റ് 2 നാണ് 30 വീട് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്) 'വയനാട്ടില്‍ സര്‍ക്കാരിന്റെ വീട് വരുമ്പോ യൂത്ത് കോണ്‍ഗ്രസിന്റെ വീടും വരും' എന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റെ നിലവിലെ അദ്ധ്യക്ഷന്‍ ഒ.ജെ.ജനീഷ് പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 180 ദിവസം (2025 ഒക്ടോബര്‍ 16) (ഇന്നലെ ടൗണ്‍ഷിപ്പിലെത്തിയപ്പോള്‍ അവിടെ ഉയര്‍ന്ന വീട് കണ്ടപ്പോള്‍ തന്റെ പ്രസ്താവനയെയോര്‍ത്ത് സ്വയം അപഹാസ്യനായി ജെനീഷ് ).
കോണ്‍ഗ്രസ് 100 , യൂത്ത് കോണ്‍ഗ്രസ് 30 , രാഹുല്‍ഗാന്ധി 100 എന്നിങ്ങനെ 230 വീട് പ്രഖ്യാപിച്ചവര്‍ 100 വീട് എന്ന നിലയിലേക്ക് ചുരുക്കിപ്പറഞ്ഞും, നൂറ് പറഞ്ഞിട്ട് കേവലം 25 ല്‍ താഴെ വീടുകള്‍ക്കുള്ള സ്ഥലം മാത്രം വാങ്ങി വീണ്ടും വീണ്ടും കബളിപ്പിച്ചതും കോണ്‍ഗ്രസ് ഫണ്ട് ശേഖരിച്ച് 531 ദിവസം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം ആരംഭിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് തറക്കല്ലിടല്‍ നടത്തിച്ചിട്ട് ഇന്നേക്ക് 54 ദിവസം ( തറക്കല്ലിടല്‍ നടന്നത് 2026 ഫെബ്രുവരി 26).
കോണ്‍ഗ്രസ് വീട് നിര്‍മ്മാണം 10 ദിവസം കൊണ്ട് ആരംഭിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ആ പത്ത് ദിവസം കഴിഞ്ഞിട്ട് ഇന്നേക്ക് 44 ദിവസം. കോണ്‍ഗ്രസ് വീടുകളുടെ നിര്‍മ്മാണം തുടങ്ങി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ട് ഇന്നേക്ക് 22 ദിവസം ( 2026 മാര്‍ച്ച് 28 നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന)
ഇന്നും ഒരു കല്ല് പോലും രാഹുല്‍ ഗാന്ധിയിട്ട ആ കല്ലിന്‍മേല്‍ ഉയര്‍ന്നിട്ടില്ല. വീട് നിര്‍മ്മിക്കണമെന്ന ഉദ്ദേശ്യം പോലും കോണ്‍ഗ്രസിനില്ല. മരണപ്പെട്ടവരുടെ പേരില്‍ പിരിച്ച പണം തട്ടിയെടുത്ത് തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചിവരാണ് കോണ്‍ഗ്രസേ നിങ്ങള്‍... ഇതിനൊക്കെ മറുപടി പറഞ്ഞിട്ട് മതി നിങ്ങളുടെ ''വിള്ളല്‍ പൊറുട്ടു നാടകം' !












Click it and Unblock the Notifications