• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ ഡിവൈഎഫ്ഐയിൽ നിന്ന് എന്താണ് പഠിക്കേണ്ടത്'? കെ സുധാകരനോട് യൂത്ത് കോൺഗ്രസ് നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം മാതൃകയാക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആഹ്വാനം തളളി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ ആണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡിവൈഎഫ്ഐ പോലുള്ള സംഘടനയെ പുകഴ്ത്തുന്നതിനു മുൻപ് അതിനുള്ളിലൊളിഞ്ഞിരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തുറന്ന് കാണിക്കാനാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്‌ ചെയ്യേണ്ടത് എന്ന് ദുൽഖിഫിൽ ഫേസ്ബുക്കിൽ കുറിച്ചു.

വിപി ദുൽഖിഫിലിന്റെ പ്രതികരണം പൂർണരൂപം: '' ഗാന്ധിജി ഒരിക്കൽ പറഞ്ഞു, "ഞാൻ വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തിൽ പ്രധാനം ദാരിദ്ര്യ നിർമ്മാർജ്ജനമല്ല, പട്ടിണി മാറ്റലല്ല, തൊഴിൽ സൃഷ്ടിക്കലല്ല, പകരം അത് ഒരോ വ്യക്തിയെയും ബോധ്യപ്പെടുത്തണം അവന്റെ വിധിയുടെ യജമാനൻ അവൻ തന്നെയാണെന്ന്" "പൊതിച്ചോറിന്റെ രാഷ്ട്രീയം "- കൊന്നു തള്ളിയവരുടെ അന്നം വിളമ്പൽ, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണ്. ശരത്ത് ലാൽ, കൃപേഷ്, ഷുഹൈബ് ഈ കൊലപാതകകേസുകളിൽ ഒക്കെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഉള്ളവരോ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ഉള്ളവരോ ഉണ്ട്. ഈ ഡി.വൈ.എഫ്.ഐയിൽ നിന്ന് യൂത്ത് കോൺഗ്രസും കോൺഗ്രസും എന്താണ് പഠിക്കേണ്ടത്? കൃപേഷ് ശരത്ത് ലാൽ വധക്കേസിലെ പാർട്ടിക്കാരായ പ്രതികളെയോ ഷുഹൈബ് വധക്കേസിലെ പ്രതികളെയോ ഈ സമയം വരെ ഡിവൈഎഫ്ഐ തള്ളിപ്പറഞ്ഞിട്ടില്ല.

'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ

ഇതേ ഡി.വൈ.എഫ്.ഐ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വലിയ മാർക്കറ്റിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാപക പ്രചരണം നൽകി നടത്തുന്ന ഭക്ഷണ വിതരണത്തെ മാതൃകയാക്കാൻ പറയുന്ന കോൺഗ്രസ്‌ നേതാക്കളുടെ അഭിപ്രായങ്ങളോട് യോജിക്കാൻ സാധിക്കില്ല. സി.എച്ച് സെന്റർ ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ വർഷങ്ങളായി യാതൊരു പ്രചാരണവും നൽകാതെ അനേകായിരം രോഗികൾക്ക് ദിവസേന മരുന്നും ഭക്ഷണവും നൽകി കരുതലേകുന്നുണ്ട് നമ്മുടെ കേരളത്തിൽ. അവിടെയാണ് കേരളത്തിൽ വ്യാപക അക്രമങ്ങൾക്കും ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും സ്വർണക്കടത്തുകാരെയും ലഹരി മാഫിയക്കാരെയും സംരക്ഷിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ അത്തരം പ്രവർത്തനങ്ങൾക്ക് മറയായി പബ്ലിസിറ്റി സ്റ്റണ്ട് എന്നോണം നടത്തുന്ന പൊതിച്ചോറിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പുകഴ്ത്തി പാടുമ്പോൾ അതിനോട് ശക്തമായി വിയോജിക്കേണ്ടി വരുന്നത്.

ഇതിനെ വലിയ കാര്യം ആയി ചിത്രീകരിച്ച നേതാക്കന്മാരോട് ഞങ്ങൾക്ക് ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ. ഡിവൈഎഫ്ഐ ലക്ഷക്കണക്കിന് പൊതിച്ചോറ് കൊടുത്താൽ കേരളത്തിലെ ഡി.വൈ.എഫ്.ഐയുടെയും സിപിഎമ്മിന്റെയും ക്രിമിനലുകൾ പാർട്ടി നേതൃത്വത്തെ അറിയിച്ചുകൊണ്ട് ഗൂഢാലോചന നടത്തി കൊന്ന ചെറുപ്പക്കാരുടെ ജീവൻ തിരിച്ചു കൊടുക്കാൻ സാധിക്കുമോ? അമ്മമാർക്ക് ഉമ്മമാർക്ക് അവരുടെ മക്കളെ തിരിച്ചു കൊടുക്കാൻ സാധിക്കുമോ? രാഷ്ട്രീയ പ്രവർത്തനത്തിലും അച്ചടക്കം വേണം. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നവർ യൂണിറ്റ് കമ്മിറ്റിയുടെ നിലവാരമെങ്കിലും പ്രസ്താവന ഇറക്കുമ്പോൾ ശ്രദ്ധിച്ചാൽ നല്ലത്. ഈ വിഷയത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായം എന്താണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്.

ആർ.എസ്.എസ്സും, എസ്.ഡി.പി.ഐ യും പോലെയുള്ള സംഘടനകൾ കാല കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. സന്നദ്ധ സേവനത്തിന്റെ മറപിടിച്ചുള്ള അക്രമങ്ങൾ. ഈ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി മാനവികതയുടെ മുഖം നൽകി ഡി.വൈ.എഫ്.ഐ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഡി.വൈ.എഫ്.ഐ നടത്തുന്ന എല്ലാ അക്രമ പ്രവർത്തനങ്ങളും മറച്ച് പിടിക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തിയായി മാത്രമേ പൊതിച്ചോർ വിതരണത്തെ കാണാൻ സാധിക്കൂ. ഒരു കാര്യം നേതാക്കന്മാരോട് സൂചിപ്പിക്കുന്നു. കേരളത്തിലെ ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളം ഭരിച്ച കാലത്ത് ഒരു കാലഘട്ടത്തിലും കാണാൻ സാധിക്കാത്ത രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നടന്നിട്ടുണ്ട്. കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും അതിന്റെ ഗുണ ഫലം അനുഭവിച്ചവരുമാണ്. അന്ന് അതിനെയൊക്ക രാഷ്ട്രീയമായി ആക്രമിക്കുകയും അപഹസിക്കുകയും ചെയ്തവരാണ് കേരളത്തിലെ ഇടതുപക്ഷം.

അത്രയൊക്കെ ചെയ്തിട്ടും ആ തിരഞ്ഞെടുപ്പിൽ നമ്മൾ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. രാഷ്ട്രീയം ആണ് എപ്പോഴും എവിടെയും ചർച്ചയാവുന്നത്. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളെ മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന നന്മയായാണ് ഭൂരിപക്ഷവും കണക്കാക്കുന്നത്. അതുകൊണ്ട് ചാരിറ്റി വേറെ രാഷ്ട്രീയ പ്രവർത്തനം വേറേ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഡിവൈഎഫ്ഐ പോലുള്ള സംഘടനയെ പുകഴ്ത്തുന്നതിനു മുൻപ് അതിനുള്ളിലൊളിഞ്ഞിരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തുറന്ന് കാണിക്കാനാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്‌ ചെയ്യേണ്ടത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ സർക്കാർ സ്ഥാപങ്ങളെ രാഷ്ട്രിയ പ്രചരണത്തിന്റെ വേദികളാക്കാൻ ശ്രമിക്കുന്നത്തിനെതിരെ കെ.പി.സി.സി നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. NB: കെ റെയിലിനു അറുപത്തിനാലായിരം കോടി വകയിരുത്തുന്ന സർക്കാർ അതിൽ നിന്ന് ഒരു ആയിരം കോടി മാറ്റി വെച്ച് ഫിക്സിഡ് ഡെപ്പോസിറ്റ് ഇട്ടാൽ അതിന്റെ പലിശകൊണ്ട് കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും സർക്കാർ തലത്തിൽ സൗജന്യ ഭക്ഷണ വിതരണം നടത്താം'.

English summary
Youth Congress leader Dulkhifil VP replies to K Sudhakaran's praise on DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X