'ഏതവനാടാ.. തല്ലിയത്': അബിന്‍ വർക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്: കുതിച്ചെത്തി സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംസ്ഥാനത്ത് പരക്കെ സംഘർഷം. സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലാ അസ്ഥാനങ്ങളിലെ എസ്പി ഓഫീസിലേക്കുമായിരുന്നു യുത്ത് കോണ്‍ഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം എന്നതിനോടൊപ്പം തന്നെ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം വേണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വർക്ക് ഉള്‍പ്പെടേയുള്ളവർക്ക് മർദ്ദനമേറ്റു. മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ സംഘടിച്ച് എത്തിയതോടെ ഏഴ് തവണയോളം ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജ് ഉണ്ടാകുന്നത്.

ലാത്തിച്ചാർജില്‍ അബിൻ വർക്കിക്ക് തലക്ക് പരിക്കേറ്റു. നാല് പൊലീസുകാർ അബിന്‍ വർക്കിയെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. പ്രതിഷേധം തുടരുന്നതിനിടെ അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ഇരുവരും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു. ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകന്‍ അടക്കമുള്ള നേതാക്കള്‍ പിന്നീട് സമര സ്ഥലത്ത് എത്തി നേതാക്കളെ സന്ദർശിച്ചു. 'തല്ലിയ ഉദ്യോഗസ്ഥർക്ക് പണി കൊടുക്കുമെന്ന് ഞാന്‍ വാക്കുതരുന്നുവെന്ന്' കെ പി സി സി അധ്യക്ഷന്‍ പ്രവർത്തകരോട് പറയുകയും അവരെ അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏതവനാണ് തല്ലിയത്, ആരായാലും നമുക്ക് കാണാമെന്നും കെ സുധാകരന്‍ പറഞ്ഞു.
പത്തനംതിട്ടയിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അവസാനിച്ച ശേഷം പ്രവർത്തകർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിക്കുകയായിരുന്നു റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
അതേസമയം, യു എ പി എ ചുമത്താവുന്ന രാജ്യദ്രോഹക്കുറ്റം കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നുവെന്ന് ഇത്ര കൃത്യമായ മൊഴികൾ ഉണ്ടായിട്ടും, കുറ്റകൃത്യങ്ങളും ഇൻഫർമേഷനുകളും മണത്തു പിടിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ മാത്രം ഇതൊന്നും എന്തുകൊണ്ട് അറിഞ്ഞില്ലെന്നും അബിന്‍ വർക്കി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
കേരളത്തിലെ ബിജെപി നേതാക്കന്മാർ ചാനലിലും പുറത്തും മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞുകൊണ്ട് ചെയ്തതാണ് ഇതൊക്കെ എന്ന് അലമുറയിട്ട് പറഞ്ഞിട്ടും എന്തുകൊണ്ട് അമിത്ഷായുടെ ഏജൻസികൾ കേരളത്തിലേക്ക് എത്തിനോക്കുന്നില്ല? ഇവിടെ ആണ് പി വി അൻവർ പറഞ്ഞതും വിഎസ് സുനിൽകുമാർ അടിവരയിട്ടതുമായ ആരോപണത്തിന് ബലം നൽകുന്നതാണ്.
തൃശ്ശൂർ പൂരം കലങ്ങിയതല്ല.. കലക്കിയതാണ്.. ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി ആഭ്യന്തര വകുപ്പ് അറിഞ്ഞുകൊണ്ട് കലക്കിയതാണ് തൃശൂർ പൂരം. അതുകൊണ്ടാണ് അതിന്റെ അന്വേഷണം റിപ്പോർട്ട് നാളിതുവരെയായി പുറത്തു വരാത്തത്. ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. സ്വന്തം കുടുംബത്തിനുവേണ്ടി പ്രസ്ഥാനത്തെയും നാടിനെയും ഒറ്റിക്കൊടുത്ത് ആർഎസ്എസിന്റെ ഫാസിസ്റ്റ് ലക്ഷ്യം പൂർത്തീകരിച്ച ന്യൂജൻ യൂദാസ് ആണ് പിണറായി വിജയനെന്നും അബിന്‍ വർക്കി കൂട്ടിച്ചേർത്തിച്ചിരുന്നു.












Click it and Unblock the Notifications