യുവാക്കൾക്ക് മുൻഗണന നൽകണം: കെപിസിസിയ്ക്ക് മുന്നറിയിപ്പുമായി യൂത്ത്കോൺഗ്രസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകുന്നതിനെതിരെ പ്രമേയവുമായി യൂത്ത് കോൺഗ്രസ്. കെപിസിസിയ്ക്ക് മുമ്പാകെ 20 നിർദ്ദേശങ്ങൾ വച്ചുകൊണ്ടുള്ളതാണ് യൂത്ത് കോൺഗ്രസ് പാസാക്കിയിട്ടുള്ളപ്രമേയം. തങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടില്ല എങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് മത്സരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും യൂത്ത് കോൺഗ്രസ് നൽകുന്നുണ്ട്.

10 ശതമാനം മാത്രം
നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് 10 ശതമാനം സീറ്റ് മാത്രമേ നൽകാവൂ എന്നും നാല് തവണ തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചരെ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്നും യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ചിലതാണ്. അതേ സമയം എല്ലാ ജില്ലകളിലും പുതുമുഖങ്ങളായ യുവാക്കൾക്ക് മത്സരിക്കാൻ അവസരം നൽകണമെന്നും പതിവായി പരാജയപ്പെടുന്ന സ്ഥാനാർത്ഥികളെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടി പിന്മാറണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

ചട്ടങ്ങൾ നിരവധി
ജനറൽ സീറ്റുകളിലും പട്ടികജാതിയിൽപ്പെട്ടവരെ മത്സരിപ്പിക്കണമെന്നതാണ് യൂത്ത്കോൺഗ്രസ് ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആവശ്യം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സാമുദായിക നേതാക്കളുടെ ലിസ്റ്റ് പരിഗണിക്കരുതെന്ന ആവശ്യവും യൂത്ത് കോൺഗ്രസ് ഇതോടൊപ്പം മുന്നോട്ടുവെക്കുന്നുണ്ട്.

നേമം പിടിച്ചെടുക്കണം
തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ ഒ രാജഗോപാൽ മത്സരിച്ച് വിജയിച്ച നേമം മണ്ഡലം പിടിച്ചെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് പ്രത്യേക ജാഗ്രത പുലർത്തണമെന്ന ആവശ്യവും പ്രമേയത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. സ്ഥിരം സ്ഥാനാർത്ഥികളെ വെച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് നീക്കമെങ്കിൽ യൂത്ത് കോൺഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുമെന്ന മുന്നറിയിപ്പും പ്രമേയത്തിലുണ്ട്.

50 വയസ്സിന് മുകളിലുള്ളവർ
പാർട്ടിയിലെ 50 വയസ്സിൽ താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്ററുമാരാക്കണമെന്നും ഓരോ ജില്ലയിലും ജനപിന്തുണയുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെയെങ്കിലും സ്ഥിനാർത്ഥികളായി നിർത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. പാലക്കാട് മലമ്പുഴയിൽ നടന്നുവരുന്ന സംസ്ഥാന ക്യാമ്പിൽ വെച്ചാണ് യൂത്ത്കോൺഗ്രസ് പ്രമേയം പാസാക്കിയിട്ടുള്ളത്.

കെപിസിസിക്ക് വിമർശനം
കഴിഞ്ഞ ദിവസം കെപിസിസിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചുകൊണ്ടായിരുന്നു യൂത്ത്കോൺഗ്രസ് രംഗത്തെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലായിരുന്നു ഇത്. ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കിയ സ്ഥലങ്ങളിൽ പാർട്ടിയ്ക്ക് മികച്ച വിജയമുണ്ടായെന്നും ക്യാമ്പ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.

പരാജയം
കോൺഗ്രസ് പാർട്ടി തെറ്റ് തിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ പരാജയമായിരിക്കും കോൺഗ്രസിനെ കാത്തിരിക്കുക. പ്രതിപക്ഷത്ത് തന്നെ തുടരാമെന്നും യൂത്ത് കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം
വിമർശനമുയർന്നിട്ടുണ്ട്.