കല്ലട ബസിനെ 'കൊല്ലട' ആക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ , വീഡിയോ വൈറല്‍
തിരുവനന്തപുരം: കല്ലടയല്ല, കൊല്ലട എന്നാക്കണം ബസിന്‍റെ പേര്, കല്ലട ബസ്സിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഏവരും ഒരു പോലെ പറഞ്ഞ വാക്കുകളാണ് ഇത്. അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന്‍റെ ചൂട് മാറും മുന്‍പ് യാത്രക്കാരിക്ക് നേരെ പീഡന ശ്രമം നടന്ന സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്ന പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി. ബസ്സിനെ തടഞ്ഞ് നിര്‍ത്തി കല്ലട എന്നതിന് പകരം കൊല്ലടയെന്ന് പ്രവര്‍ത്തകര്‍ പേര് മാറ്റുന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ബസ്സിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് കല്ലട ബസ്സിന്‍റെ ഗുണ്ടായിസം പുറത്തറിയുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ ബസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ബസിനെതിരെ മറ്റൊരു പരാതി ഉയര്‍ന്നു. തമിഴ്നാട് സ്വദേശിനിയായ യാത്രക്കാരിയാണ് ബസ്സിന്‍റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിത്. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുമ്പോള്‍ ബസ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്.
കഴിഞ്ഞ ദിവസം മറ്റൊരു കല്ലട ബസിലും യാത്രക്കാരനെതിരെ ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അമിത വേഗതയില്‍ അശ്രദ്ധമായി ബസ് ഓടിച്ചു ഹംപില്‍ ചാടിയത് മൂലം യാത്രക്കാരന്‍റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം.
ബസിനെതിരെ പരാതി ശക്തമായതോടെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗതാഗത വകുപ്പ്. കല്ലട ബസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications