
'ചരിത്രം മറക്കരുത്; ഇഎംഎസ് തൊട്ട് പിണറായി വരെ പണിനിര്‍ത്തി പോവേണ്ടവരായിരുന്നു; റഹീമിനോട് രാഹുല്‍
തിരുവനന്തപുരം: കെ വി തോമസിനെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ച എ എ റഹീം എംപിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്ട്ടിക്കാര് വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ പണി നിര്ത്തിപ്പോവണമെന്ന എം പിയുടെ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്.

പാര്ട്ടിക്കാര് വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ പണി നിര്‍ത്തി പോകാനാണെങ്കില്‍, ഇ എം എസ് തൊട്ട് പിണറായി വരെ പല തവണ പണി നിര്‍ത്തി പോകണ്ടി വന്നേനെ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടി വിലക്ക് ലംഘിച്ച ഗൗരിയമ്മ അടക്കമുള്ള നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം.

ശ്രീ എ എ റഹീം 'വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് ശ്രീ സുധാകരന് പണി നിര്‍ത്തി പൊയ്ക്കൂടെ' എന്ന താങ്കളുടെയൊരു പ്രസംഗം കേട്ടു. പാര്ട്ടിക്കാര് വിലക്ക് ലംഘിച്ചാല്‍ നേതൃത്വം പണി നിര്‍ത്തി പൊയ്ക്കൂടെയെന്ന ചോദ്യമുന്നയിച്ച താങ്കളെ ചില ചരിത്രം ഓര്‍മ്മിപ്പിക്കാം.

വര്‍ഷം 1994, ലീഡര്‍ ശ്രീ. കെ കരുണാകരന് നിര്‍ദ്ദേശിച്ച ആലപ്പുഴ വികസന സമിതി അധ്യക്ഷ സ്ഥാനം, കെ. ആര് ഗൗരിയമ്മ ഏറ്റെടുക്കരുത് എന്ന് സാക്ഷാല്‍ ഇ എം എസും, വി എസ് അച്ചുതാനന്ദനും തൊട്ട് അന്നത്തെ ലോക്കല്‍ നേതാവായ പിണറായി വിജയന് വരെ ഗൗരിയമ്മയ്ക്ക് താക്കീത് നല്കി. ആ വിലക്കിനൊക്കെ 'ആനപ്പിണ്ടത്തിന്റെ' വില പോലും നല്‍കാതെ ഗൗരിയമ്മ ആ സ്ഥാനം ഏറ്റെടുക്കുകയും, ലീഡര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. പിന്നീട് നടന്നത്രയും ചരിത്രം..

ഇനി മറ്റൊരു ഉദാഹരണം പറയാം. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു സി പി എം നേതാവ് സോമനാഥ് ചാറ്റര്‍ജി. പെട്ടെന്ന് സി പി എം അമേരിക്കയെ 'തോല്പ്പിക്കാനിറങ്ങി'. സി പി എം, യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ട്, സോമനാഥ് ചാറ്റര്‍ജിയോട് രാജി വെക്കാന്‍ പറഞ്ഞു. പറഞ്ഞത് ചില്ലറക്കാരല്ല സാക്ഷാല്‍ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും തൊട്ട് പിന്നെയും നമ്മുടെ പിണറായി വരെ. പോയി വേറെ പണി നോക്കാന്‍ പറഞ്ഞു ചാറ്റര്‍ജി.

പാര്ട്ടിക്കാര് വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ പണി നിര്‍ത്തി പോകാനാണെങ്കില്‍, ഇ എം എസ് തൊട്ട് പിണറായി വരെ പല തവണ പണി നിര്‍ത്തി പോകണ്ടി വന്നേനേം. അതുകൊണ്ട് റഹീം സാറെ, ചരിത്രമൊന്നും ഇങ്ങനെ മറക്കല്ലെ. മാത്രമല്ല ഈ പ്രായത്തില്‍ മറവി അത്ര നല്ലതുമുല്ല... വലിയ ചന്ദനാതി എണ്ണ നല്ലതാ, ഓര്‍മ്മശക്തി കൂടും നല്ല ഉന്മേഷവും കിട്ടും- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കെ സുധാകരനെതിരെയാണ് എ എ റഹീം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസിന് ജമാ അത്തെ ഇസ്ലാമിയോട് സംബന്ധം കൂടാം. ജമാ അത്തെ ഇസ്ലാമിയോട് വേദി പങ്കിടാം. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ വേദിയില്‍ വന്നിരുന്ന് സെമിനാറില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ എന്താണ് നിങ്ങള്‍ക്കിത്ര ദണ്ണമെന്ന് റഹീം ചോദിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ സമീപനം പറയണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള സമീപനം നിങ്ങള്‍ പ്രഖ്യാപിച്ചല്ലോ. ഇടതുപക്ഷത്തോടുള്ള സമീപനം പ്രഖ്യാപിച്ചല്ലോ. നിങ്ങളോട് ഞങ്ങള്‍ വേദി പോലും പങ്കിടില്ല. ഞങ്ങളോട് വേദി പങ്കിടില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇതാ ജമാ അത്തെ ഇസ്ലാമിയോട് വേദി മാത്രമല്ല, കിടക്ക പങ്കിടുന്നവരായി മാറിയിരിക്കുന്നു എന്നും റഹീം പറഞ്ഞിരുന്നു.

കെ വി തോമസ് എന്ന കോണ്‍ഗ്രസ് നേതാവിനെ പോലും നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തയാളാണ് സുധാകരന്. സുധാകരന് കെ പി സി സി പ്രസിഡന്റായിരിക്കുന്ന കേരളത്തില്‍, സുധാകരന് പറയുന്നു എന്റെ പാര്‍ട്ടിയില്‍ പെട്ട കെ വി തോമസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കില്ല. എന്നിട്ടോ, പങ്കെടുത്തു. അതും സുധാകരന്റെ മണ്ഡലമായ കണ്ണൂരിലെ പരിപാടിയില്‍. പണി നിര്‍ത്തി പോയിക്കൂടെ എന്റെ പൊന്നു ചങ്ങാതി എന്നും റഹീം ചോദിച്ചിരുന്നു.