'വെറും ഷോ മാത്രം, ഫുട്‌ബോള്‍ കണ്ട് നടക്കുന്നു'; ഷാഫിക്കെതിരെ കമ്മിറ്റിയില്‍ വിമര്‍ശനം, ഒഴിയാമെന്ന് ഷാഫി
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് എതിരെ സംഘടനയില്‍ വീണ്ടും വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ആണ് ഷാഫി പറമ്പിലിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഷാഫി പറമ്പിലിന്റേത് വെറും ഷോ മാത്രമാണ് എന്നും പ്രവര്‍ത്തനമില്ല എന്നും ആണ് വിമര്‍ശനം ഉയര്‍ന്നത്. എ, ഐ ഗ്രൂപ്പുകളും കെ പി സി സി പ്രഡിഡന്റ് കെ സുധാകരന്റെ അനുയായികളും ആണ് ഷാഫി പറമ്പിലിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായി എന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പലില്‍ രംഗത്തെത്തി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഷാഫി പറമ്പില്‍ അറിയിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയിലെ പോരായ്മകള്‍ ചര്‍ച്ചയായിട്ടുണ്ട് എന്നും എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ആരും മൂക്കുകയര്‍ ഇട്ടിട്ടില്ല എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ താന്‍ തയാറാണ് എന്നും ഇനി മുന്നോട്ട് പോകാനാകില്ല എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രായപരിധി കഴിഞ്ഞു എന്നും അടുത്ത ടേമില്‍ സംഘടനാ ചുമതലയില്‍ ഉണ്ടാവില്ല എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഘടനാ പ്രവര്‍ത്തനത്തില്‍ ഡി സി സി നേതൃത്വം ഇടപെടുന്നു എന്ന വിമര്‍ശനം ഷാഫി പറമ്പില്‍ തിരിച്ചും ഉന്നയിച്ചതായാണ് വിവരം.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നു എന്ന ആരോപണവും ഷാഫി പറമ്പില്‍ ഉന്നയിച്ചു. എന്നാല്‍ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ മൂലമാണ് പാര്‍ട്ടി നേതൃത്വം സംഘടനയില്‍ ഇടപെടുന്നത് എന്ന് സുധാകരന്‍ അനുകൂലികള്‍ തിരിച്ചടിച്ചു. ജനകീയ വിഷയങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് എടുക്കാറില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വലിയ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ പോലും യൂത്ത് കോണ്‍ഗ്രസ് നിര്‍ജീവമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നുസൂറിന്റെയും ബാലുവിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തത് ചര്‍ച്ചയായി. കൊച്ചിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി യോഗം നടന്നത്.

മേയ് ആദ്യവാരം തൃശൂരില്‍ സംസ്ഥാന സമ്മേളനം നടത്തും എന്നും സമ്മേളന ശേഷം പദവി ഒഴിയും എന്നും യോഗത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോടൊപ്പം തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിട്ട പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിര്‍മാണ പ്രവര്‍ത്തനവും ആരംഭിക്കും. എ ഗ്രൂപ്പിന്റെ പിന്തുണയോടെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പില്‍ എം എല്‍ എയായതിന് ശേഷം ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തി എന്നും കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും കൂടെ പോയി എന്നുമാണ് എ ഗ്രൂപ്പിന്റെ അതൃപ്തിക്ക് കാരണം.












Click it and Unblock the Notifications