Get Updates
Get notified of breaking news, exclusive insights, and must-see stories!

മിണ്ടേണ്ട, കാണേണ്ട, കേള്‍ക്കേണ്ട; സുധാകരനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

കോഴിക്കോട്: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയമേറ്റ് വാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനമാണ് പാര്‍ട്ടി ഘടകങ്ങൡ നിന്നുയര്‍ന്നിരുന്നത്. നേതാക്കളില്‍ നിന്ന് വിമര്‍ശനം അതിര് വിട്ടതോടെ അച്ചടക്കത്തിന്റെ വാളോങ്ങി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടി വരുമെന്നും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

എന്നാല്‍ ഇതിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂര്‍. ട്വിറ്ററിലൂടെയാണ് നുസൂര്‍ കെ.പി.സി.സി അധ്യക്ഷനെ പരിഹസിച്ച് കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചെവിയും വായും കണ്ണും പൊത്തി നില്‍ക്കുന്ന മൂന്ന് കുരങ്ങിന്റെ ഡമ്മി ചിത്രമാണ് നുസൂര്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. മിണ്ടാതിരിക്കുക (Keep Quiet... ) എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

sudhakaran

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ വിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കുകയാണ് ചെയ്യുകയെന്നും അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണമെന്നും സുധാകരന്‍ ആവിശ്യപ്പെട്ടിരുന്നു.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണി എടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് നുസൂറിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടതെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നാളെ എ ഐ സി സി പ്രവര്‍ത്തക സമിതി യോഗം ദല്‍ഹിയില്‍ നടക്കുന്നുണ്ട്. ഇതിനിടെ ഗാന്ധി കുടുംബം നേതൃ സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+