മലപ്പുറത്ത് കിണറ്റില്‍ വീണ് യുവാവ് മരിച്ചു: രക്ഷിക്കാന്‍ ചാടിയ സുഹൃത്ത് കിണറ്റില്‍ കുടുങ്ങി
മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ വീണ് യുവാവ് മരിച്ചു, രക്ഷിക്കാന്‍ ചാടിയ സുഹൃത്ത് മണിക്കൂറുകള്‍ കിണറ്റില്‍ കുടുങ്ങി. എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറെ കളത്തില്‍ വേലുക്കുട്ടിയുടെ മകന്‍ രാഹുല്‍ (19) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ അടങ്ങുംപുറം ക്ഷേത്ര പരിസരത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് വീണത്.
സുഹൃത്തായ കാവുങ്ങല്‍ അരുണ്‍ (18)നൊപ്പം നടന്നു പോകവെ രാഹുല്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടി. എന്നാല്‍ രാഹുലിനെ രക്ഷപ്പെടുത്താന്‍ അരുണിനായില്ല. പകച്ച് പോയ അരുണ്‍ രാവിലെ ഏഴര മണി വരെ ആഴമേറിയ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറില്‍ നിന്നും അരുണിന്റെ കരച്ചില്‍ കേട്ട സമീപ വാസികളായ സ്ത്രീകളാണ് സംഭവം നാട്ടുകാരെ അറിയിക്കുന്നത്.

ഉടന്‍ മഞ്ചേരിയില്‍ നിന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തി അരുണിനെ രക്ഷിക്കുകയായിരുന്നു. അരുണ്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തുകയും ഒമ്പതു മണിയോടെ രാഹുലിന്റെ മൃതദേഹം കരക്ക് കയറ്റുകയുമായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അരുണിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാരദയാണ് മരിച്ച രാഹുലിന്റെ മാതാവ്. സഹോദരി : ഹരിത. വുഡ്‌പോളിഷ് തൊഴിലാളിയാണ് രാഹുല്‍. മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.












Click it and Unblock the Notifications