''നെക്സ്റ്റ് ചെസ്റ്റ് നമ്പർ ഓൺ ദ സ്റ്റേജ് പ്ലീസ്..''; അൻവറിനേയും കെടി ജലീലിനേയും ട്രോളി പികെ ഫിറോസ്
മലപ്പുറം: പിവി അൻവറിനേയും കെടി ജലീലിനേയും പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവർ വഞ്ചന കാണിച്ചുവെന്ന റിപ്പോർട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അൻവറിന് എതിരെയുളള പികെ ഫിറോസിന്റെ പരിഹാസം.
മറുവശത്ത് ബന്ധുത്വ നിയമന വിവാദത്തിൽ കെടി ജലീലിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയേൽക്കുകയുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ വിസമ്മതിച്ച കോടതി അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ജലീലിനെതിരെയുളള പികെ ഫിറോസിന്റെ പരിഹാസം.

പിവി അൻവറിന് എതിരെയുളള പികെ ഫിറോസിന്റെ കുറിപ്പ് ഇങ്ങനെ: '' നെക്സ്റ്റ് ചെസ്റ്റ് നമ്പർ ഓൺ ദ സ്റ്റേജ് പ്ലീസ്.. സമ്മർ ഇൻ ബത്‌ലഹേം എന്ന മലയാള സിനിമയിൽ ഒരു രംഗമുണ്ട്. അകത്ത് വലിയ പശുഫാമും ഡയറി ഫാക്ടറിയും ഉണ്ടെന്ന് പറഞ്ഞു ബോർഡ് വെച്ച മതിൽ കാണിച്ച് ജയറാം പലരെയും പറ്റിക്കുന്ന രംഗം. ഒടുക്കം അതിന്റെ ഗേറ്റ് തുറക്കുമ്പോൾ കാണാനാവുന്നത് ഒഴിഞ്ഞു കിടക്കുന്ന ഒരു പറമ്പ് മാത്രമാണ്.

അതുപോലെയാണ് നിലമ്പൂർ എം.എൽ.എ പി.വി അൻവർ കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു മലയാളി എഞ്ചിനീയറുടെ 50 ലക്ഷം കവർന്നത്. ക്രയവിക്രയം സാധ്യമാകാത്ത പാട്ട ഭൂമി കാണിച്ച് അൻവർ വഞ്ചന നടത്തിയെന്നും കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രതിപക്ഷ എം.എൽ.എയുടെ ബിസിനസ് തകർന്നാൽ രാഷ്ട്രീയ ലാഭം കണ്ടു അറസ്റ്റും, ഭരണപക്ഷ എം.എൽ.എ വഞ്ചന തന്നെ നടത്തിയാൽ സിയറ ലിയോണയിൽ ഖനനവും സാധ്യമാവുന്ന സ്ഥിതിയിലാണ് കുറച്ച് കാലമായി നമ്മുടെ നാട്. നിലമ്പൂർ എം.എൽ.എ രാഷ്ട്രീയ രംഗം വിടുന്ന മുറക്ക് തട്ടിപ്പ് വീരനായ സാക്ഷാൽ മോൺസണെ തന്നെ സിപിഎം മൽസരിക്കാൻ ക്ഷണിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സന്ദേഹവും വേണ്ട.

വസ്തുതകൾ പറയുന്നവർക്കെതിരെ ഫെയ്സ്ബുക്കിൽ തരംതാണ മറുപടിയും വംശീയ, വിദ്വേഷ, അശ്ലീല കുറിപ്പുകളും അദ്ദേഹം പോസ്റ്റ് ചെയ്തേക്കും. ചോദ്യം ചെയ്യുന്നവരെ കൊഞ്ഞനം കുത്തിയും ഉടുമുണ്ട് പൊക്കിക്കാണിച്ചും തടിയൂരാമെന്ന് നിലമ്പൂർ എംഎൽഎ കരുതത്. ആത്യന്തികമായി അത് വിജയിക്കില്ലെന്നതിന് അല്പം മുമ്പ് ഡൽഹിയിൽ നിന്ന് തെളിവുണ്ടായിട്ടുണ്ട്''.

''മുറുക്കിയുടുത്ത കച്ച അഴിഞ്ഞുവീണ സ്ഥിതിക്ക് ചന്തുവിനിനി വാളെടുത്ത് സ്വയം കുത്താവുന്നതാണ്.!'' എന്നാണ് ജലീലിനെ പരിഹസിച്ച് കൊണ്ടുളള പികെ ഫിറോസിന്റെ പ്രതികരണം. '' സത്യത്തോട് പൊരുതാൻ കാപട്യത്തിൽ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങൾ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാൽ ഉറച്ച ചുവടുകൾക്കു മുന്നിൽ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ'' എന്നുളള ജലീലിന്റെ പഴയ പോസ്റ്റ് പങ്കുവെച്ചാണ് ഫിറോസിന്റെ പരിഹാസം.

സുപ്രീം കോടതി വിധിയെ കുറിച്ചുളള കെടി ജലീലിന്റെ പ്രതികരണം ഇങ്ങനെ: '' എന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും അത്കൊണ്ട് എനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചത്. എൻ്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്.

ലോകായുക്ത വിധിയുടെ നാൾവഴികളെ കുറിച്ച് ചിലത് പറയാനുണ്ട്. വിശദമായി അത് പിന്നീട് പറയാം. നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്ക്രീം പാർലർ കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നിയമനം. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക''.












Click it and Unblock the Notifications