ഇസ്ലാമിക തീവ്രവാദമെന്ന് കടകംപള്ളി; എസ്ഡിപിഐ എന്ന് പറയാത്ത മന്ത്രിക്കെതിരെ വിമർശനം
തിരുവനന്തപുരം; അഭിമന്യുവിനെ അനുസ്മരിച്ച് മന്ത്രി കടകംപള്ളി പങ്കുവെച്ച കുറിപ്പിനെതിരെ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം.അഭിമന്യൂവിനെ ഇല്ലാതാക്കിയത് എസ്ഡിപിഐ എന്ന് പറയാതെ ഇസ്ലാമിക തീവ്രവാദികളാണെന്ന് പറഞ്ഞ മന്ത്രിയുടെ കുറിപ്പിനെതിരെയാണ് നജീബ് രംഗത്തെത്തിയത്. 'അഭിമന്യൂ.. ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്.. നൻമ നിറഞ്ഞ ഈ ചിരി പക്ഷേ ഒരിക്കലും മായില്ല.. അഭിമന്യൂ കോറിയിട്ട മുദ്രാവാക്യവും..'വർഗീയത തുലയട്ടെ'എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്. നജീബിന്റെ പോസ്റ്റ് വായിക്കാം
കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്‍ലാമിക തീവ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു.

രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റര് പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വർഗീയത പരത്തുക എന്നത് തന്നെയാണ്. വർഗീയത 'പൂത്തുലയട്ടെ' എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യൻ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും', നജീബ് കുറിച്ചു.
കൊച്ചി; രണ്ട് വർഷം മുൻപാണ് മഹാരാജാസ് കോളേജ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കാമ്പസിൽ വെച്ച് കൊലകത്തിക്ക് ഇരയായത്. എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് അക്രമിസംഘമായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്.ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലയിൽ കലാശിച്ചത്.












Click it and Unblock the Notifications