മന്ത്രിയെ തെറിവിളിച്ചാല്‍ എന്ത് സംഭവിക്കും
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ഒരു മന്ത്രിയെ തെറിവിളിച്ചാല്‍ എന്താണ് ഉണ്ടാകുക. പോലീസ് പിടിക്കും. നല്ല പൂശ് പൂശും. പിന്നെ പിടിച്ച് അകത്തിടും. ഇനി വല്ല കവല പ്രസംഗത്തിലോ മറ്റോ ആണ് തെറിവിളിയെങ്കില്‍ മന്ത്രിപോലും ഗൗനിക്കില്ല.
പട്ടാപ്പകല്‍ മന്ത്രിയെ തെറിവിളിച്ച സംഭവം തിരുവനന്തപുരത്ത് നടന്നു. നവംബര്‍ 27 ന് രാവിലെ ആണ് സംഭവം. തെറിവിളി കേട്ടത് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്. തെറി വിളിച്ചത് കവടിയാര്‍ സ്വദേശിയായ ടെക്‌നോപാര്‍ക്ക് ജീവനക്കാരനും.
രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. മന്ത്രി മോഹനന്‍ തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലേക്ക് കാറില്‍ പോവുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന കാറില്‍ നിന്നാണ് യുവാവ് തല പുറത്തിട്ട് പച്ചത്തെറികള്‍ വിളിച്ചത്.
ഇത് കേട്ടുകഴിഞ്ഞാല്‍ പിന്നെ പോലീസ് വെറുതെ ഇരിക്കുമോ. കാറിന്റെ പിറകേ വച്ച്പിടിച്ചു. യുവാവാണെങ്കില്‍ വണ്ടി നിര്‍ത്താനുള്ള മട്ടുമില്ല. ഒടുവില്‍ ചൂരക്കാട് വച്ച് പോലീസ് തെറിവിളിച്ച യുവാവിടെ പിടികൂടി. ഉടന്‍ തന്നെ മ്യൂസിയം പോലീസിന് കൈമാറി.
കാര്യങ്ങള്‍ ഇത്രയൊക്കെ ആയപ്പോഴാണ് മറ്റൊരു വിശേഷം. തന്നെ തെറി വിളിച്ചതില്‍ മന്ത്രിക്ക് പരാതി ഇല്ലത്രെ. മന്ത്രിക്ക് പരാതിയില്ലെങ്കില്‍ പിന്നെ പോലീസിനാണ് പരാതി. ഒടുവില്‍ തെറി വിളിച്ച യുവാവിനെതിരെ കേസെടുക്കാതെ വിട്ടയച്ചു.












Click it and Unblock the Notifications