തൊപ്പിയുടെ അറസ്റ്റ്; വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നവര്‍ സൂക്ഷിച്ചോ, കര്‍ശന നടപടിയെന്ന് പൊലീസ്
തിരുവനന്തപുരം: ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ നിഹാദിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ച് കേരള പൊലീസ്. രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നാണ് കേരള പൊലീസ് കുറിപ്പില്‍ പറയുന്നത്.
'ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പൊലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്'- കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ എത്തി വാതില്‍ തല്ലിപ്പൊളിച്ചാണ് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്യുന്നത്.

നിലവില്‍ വളാഞ്ചേരി പൊലീസും കണ്ണൂര്‍ കണ്ണപുരം പൊലീസുമാണ് തൊപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ വളാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൊപ്പിക്ക് ജാമ്യം ലഭിച്ചാലും കണ്ണപുരത്ത് മറ്റൊരു കേസുള്ളതിനാല്‍ വിട്ടയക്കില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കിയാല്‍ ഇന്ന് വൈകീട്ട് തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 പ്രകാരമാണ് തൊപ്പിക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. ടി പി അരുണിന്റെ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്
തൊപ്പി അറസ്റ്റില്‍..
രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പൊലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അതേസമയം, തൊപ്പിയെ അറസ്റ്റ് ചെയ്ത രീതിയില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. വാതില്‍ തല്ലിപ്പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട കുറ്റം തൊപ്പി ചെയ്തിട്ടുണ്ടോ എന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമല്ലേ ചുമത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ചോദിക്കുന്നത്. മറ്റ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇത്ര ഉത്സാഹമില്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications