'മോളേ മാളൂ... മത്തി കൊണ്ട് സാമ്പാറുണ്ടാക്ക്'; വൈറല്‍ പാചക വീഡിയോക്ക് പിന്നിലെ കഥ, വരുമാനം ഇങ്ങനെ
സോഷ്യല്‍ മീഡിയ ഇന്നത്തെ കാലത്തെ വിനോദത്തിനപ്പുറം ഒരു വരുമാന മാര്‍ഗം കൂടിയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഏറെ ആരാധകരുള്ളത് പാചക വീഡിയോകള്‍ക്കാണ്. വ്യത്യസ്ത തരത്തിലുള്ള പാചകപരീക്ഷണങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇത്തരത്തില്‍ അടുത്തിടെയായി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഇന്‍ഫ്‌ളുവന്‍സറാണ് അഞ്ജിത രാഹുല്‍. മറ്റ് പലരില്‍ നിന്നും വ്യത്യസ്തമായി ഇതുവരെ ആരും കേട്ടുകേള്‍വി പോലുമില്ലാത്ത പാചക വീഡിയോകളാണ് അഞ്ജിത പങ്കുവെക്കുന്നത്. മത്തിയുടെ സാമ്പാര്‍, പച്ചമുളക് ഫ്രൈ തൊട്ട് വാഴയില ഹല്‍വയും സവാള പായസവും വരെ അഞ്ജിത ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്.

എന്നാല്‍ പലപ്പോഴും അഞ്ജിതയുടെ പാചക പരീക്ഷണങ്ങളോട് നെഗറ്റീവായാണ് പലരും കമന്റ് ചെയ്യാറുള്ളത്. വൈറലാകാന്‍ വേണ്ടി എന്തും കാണിച്ച് കൂട്ടുകയാണ് എന്നാണ് പലരുടേയും വിമര്‍ശനം. എന്നാല്‍ ഇത് തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജിത രാഹുല്‍. റീച്ച് കിട്ടാനോ വൈറലാകാനോ വെറുതെ ചെയ്യുന്നതല്ല വീഡിയോ എന്നും വിദേശത്തുള്ള തന്റെ ഭര്‍ത്താവിന്റെ പാചകക്കുറിപ്പാണ് ഇതിന് ആധാരമെന്നും അഞ്ജിത പറയുന്നു.
കേരള കൗമുദി ഓണ്‍ലൈനിനോടായിരുന്നു അഞ്ജിതയുടെ പ്രതികരണം. ഷാര്‍ജയില്‍ കഴിഞ്ഞ 11 വര്‍ഷമായി ഷെഫായി ജോലി ചെയ്യുകയാണ് അഞ്ജിതയുടെ ഭര്‍ത്താവ് രാഹുല്‍. വൈറലായ മത്തി സാമ്പാറും സവാള പായസവും അടക്കമുള്ള വെറൈറ്റി റെസിപ്പിക്ക് പിന്നില്‍ രാഹുലാണ് എന്നാണ് അഞ്ജിത പറയുന്നത്. എല്ലാ റെസിപ്പികളും വീഡിയോയുടെ കണ്ടന്റുകളുമെല്ലാം ഭര്‍ത്താവാണ് പറഞ്ഞുതരുന്നത് എന്നും അഞ്ജിത വ്യക്തമാക്കി.
' ഏട്ടനൊപ്പം നേപ്പാളികളും പാകിസ്ഥാനികളുമൊക്കെയാണ് ജോലി ചെയ്യുന്നത്. മത്തി സാമ്പാര്‍ എന്ന ആശയം അങ്ങനെയാണ് വന്നത്. ഒരു ദിവസം കൂടെയുണ്ടായിരുന്ന നേപ്പാളി സുഹൃത്ത് പച്ചക്കറികളൊക്കെയിട്ട് മീന്‍കറി വെച്ചു. അതിഷ്ടപ്പെട്ട ഏട്ടനാണ് എന്നോട് ഇത് പറയുന്നത്. മത്തി സാമ്പാര്‍ എന്ന് കേട്ടപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും ആദ്യം ഒരു അതിശയമായിരുന്നു. അങ്ങനെയാണ് അത് പരീക്ഷിച്ചത്,' അഞ്ജിത പറഞ്ഞു.
വീഡിയോയ്ക്ക് വേണ്ടി മാത്രമല്ല ഭക്ഷണമുണ്ടാക്കുന്നത് എന്നും അതെല്ലാം തങ്ങള്‍ കഴിക്കാറുണ്ട് എന്നും അഞ്ജിത പറഞ്ഞു. അതേസമയം വിമര്‍ശനങ്ങളെ കാര്യമായി എടുക്കാറില്ല എന്നും ചാനല്‍ തുടങ്ങിയ സമയത്ത് തന്നെ നെഗറ്റീവ് കമന്റുകള്‍ വരുമെന്നും അതൊന്നും കാര്യമായി എടുക്കരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു എന്നും അഞ്ജിത വ്യക്തമാക്കി. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഭര്‍തൃസഹോദരിയും അവരുടെ ഭര്‍ത്താവും മകനും എല്ലാ അടങ്ങുന്ന കുടുംബമാണ് അഞ്ജിതയുടേത്.
യൂട്യൂബില്‍ നിന്ന് സ്ഥിരമായി വരുമാനം കിട്ടാറില്ല എന്നും വീഡിയോ ചെയ്യുന്നതിനേയും റീച്ചിനേയും ആശ്രയിച്ചാണ് വരുമാനം എന്നും അഞ്ജിത വ്യക്തമാക്കി. തുടര്‍ച്ചയായി വീഡിയോ ചെയ്യുമ്പോഴാണ് വരുമാനം ലഭിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications