'നിങ്ങള്‍ക്കും നാലാംകിട വ്‌ളോഗര്‍മാരുടെ നിലയിലേക്ക് താഴേണ്ടിവന്നോ?' അക്ഷരത്തെറ്റില്‍ എയറിലായി ഫിറോസ്
പാചക വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ച് ശ്രദ്ധിക്കപ്പെട്ട ഇന്‍ഫ്‌ളുവന്‍സറാണ് ഫിറോസ് ചുട്ടിപ്പാറ. പാലക്കാട്ടുകാരനായ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യൂട്യൂബിലും ഫേസ്ബുക്കിലും നിരവധി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. വില്ലേജ് ഫുഡ് ചാനല്‍ എന്നാണ് ഫിറോസ് ചുട്ടിപ്പാറയുടെ അക്കൗണ്ടിന്റെ പേര്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തിലാണ് ചുട്ടിപ്പാറ ജനിച്ചത്.
2007 മുതല്‍ 2012 വരെ സൗദി അറേബ്യയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഫിറോസ് 2012ല്‍ നാട്ടിലെത്തിയ ശേഷം തിരികെ പോകാന്‍ തോന്നിയില്ല. പിന്നീട് നാട്ടില്‍ ഒരു ഫോട്ടോസ്റ്റാറ്റ് കട തുടങ്ങി. 2018 ല്‍ ആണ് യൂട്യൂബ് ചാനല്‍ എന്ന ആശയം മനസിലുദിക്കുന്നത്. ആദ്യം ക്രാഫ്റ്റ് മീഡിയ എന്നായിരുന്നു ചാനലിന്റെ പേര്. പിന്നീട് ഇതിന്റേ പേര് വില്ലേജ് ഫുഡ് ചാനല്‍ എന്നാക്കി മാറ്റി.

ഭക്ഷണത്തിലെ വിവിധ പരീക്ഷണങ്ങളാണ് ഫിറോസിന്റെ ചാനലിലെ പ്രധാന ഐറ്റം. മലയാളി വ്ളോഗര്‍മാരിലെ ജനകീയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആള്‍ കൂടിയാണ് ഫിറോസ് ചുട്ടിപ്പാറ. ഫേസ്ബുക്കില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്‌സാണ് വില്ലേജ് ഫുഡ് ചാനല്‍ എന്ന പേജിനുള്ളത്. യൂട്യൂബില്‍ 8.8 മില്യണ്‍ ഫോളോവേഴ്‌സും ഉണ്ട്. ഫിറോസിന്റെ ഭക്ഷണ വീഡിയോകള്‍ പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
വലിയ അളവില്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കി നാട്ടുകാര്‍ക്കും അനാഥാലയങ്ങള്‍ക്കും അഭയകേന്ദ്രങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയാണ് ഫിറോസ് ചുട്ടിപ്പാറ ചെയ്യുന്നത്. എന്നാല്‍ ചില സമയങ്ങളിലൊക്കെ വിവാദങ്ങളിലും ഫിറോസ് ചെന്നുപെടാറുണ്ട്. അതിലൊന്ന് മയിലിനെ കറി വെക്കുന്നു എന്ന് പറഞ്ഞുള്ള വീഡിയോയിരുന്നു. പെരുമ്പാമ്പിനേയും പാമ്പിനേയും മുതലയേയും പാചകം ചെയ്യുന്ന വീഡിയോകളും ഫിറോസിന് വിമര്‍ശനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പേജില്‍ നടത്തിയ ഒരു പോളില്‍ ഫിറോസ് ചുട്ടിപ്പാറ എയറിലായിരിക്കുകയാണ്. ഫിറോസിന്റെ പാചക വീഡിയോകള്‍ക്ക് സഹായികളായി നിരവധി പേര്‍ ഉണ്ടാകാറുണ്ട്. ആദ്യ കാലത്ത് ലക്ഷ്മണന്‍ എന്നയാളായിരുന്നു ഫിറോസിന്റെ സഹായി. പിന്നീട് അത് രതീഷ് എന്നയാളായി മാറി. ഇപ്പോള്‍ കുറെ നാളായി രതീഷിനെയാണ് ഫിറോസിന്റെ സഹായിയായി കാണാറുള്ളത്.
ഇത് കൂടാതെ ഭക്ഷണം രുചിച്ച് കൊണ്ട് നല്ല ടേസ്റ്റുണ്ട് എന്ന് പറയുന്ന ജിത്തു എന്ന പയ്യനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഫാന്‍സ് എന്ന് അറിയാന്‍ വില്ലേജ് ഫുഡ് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ ഫിറോസ് ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പോളിന്റെ ക്യാപ്ഷനില്‍ കൊടുത്ത വാചകത്തില്‍ വന്ന അക്ഷരത്തെറ്റ് കാരണം ഫിറോസ് ചുട്ടിപ്പാറയ്ക്കിപ്പോള്‍ ട്രോളുകളുടെ പൂരമാണ്.
ഫാന്‍സ് എന്നതിന് പകരം ഹാന്‍സ് എന്നാണ് പോളിന്റെ ക്യാപ്ഷനായി ഫിറോസ് കൊടുത്തത്. 'ഇതില്‍ ആര്‍ക്കാണ് ഹാന്‍സ് കൂടുതല്‍? കമന്റ് ചെയ്യാന്‍ മറക്കല്ലേ,' എന്ന് പറഞ്ഞ് കൊണ്ട് ലക്ഷ്മണന്‍, രതീഷ്, ജിത്തു എന്നീ ഓപ്ഷനുകളാണ് കൊടുത്തത്. ഇവര്‍ ആര്‍ക്കുമല്ല എന്ന ഓപ്ഷനും പോളിലുണ്ട്. ഇതിന് താഴെയാണ് അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി കൊണ്ട് എല്ലാവരും ഫിറോസിനെ ട്രോളുന്നത്.
ഹാന്‍സ് കൂടുതല്‍ ആര്‍ക്കാണ് എന്ന് അറിയാന്‍ വാ തുറന്ന് നോക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത് ജിത്തു പോസ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്. നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ മീം ആണ് ഒരാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പേജിന് റീച്ച് കൂട്ടാന്‍ മനപൂര്‍വം അക്ഷരത്തെറ്റ് വരുത്തിയതാണ് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്തൊക്കെയാണെങ്കിലും പോളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് രതീഷിനെയാണ്. രതീഷിന് 72 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ജിത്തുവിന് 10 ശതമാനം പേരുടെ പിന്തുണയുണ്ട്. ലക്ഷ്മണന്‍, ആര്‍ക്കും ഇല്ല എന്നീ ഓപ്ഷനുകള്‍ക്ക് 9 ശതമാനം വീതം പേരുടെ പിന്തുണയാണ് ഉള്ളത്.












Click it and Unblock the Notifications