യുട്യൂബര്‍ ഖാദര്‍ കരിപ്പൊടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി; ഒളിവില്‍ കഴിഞ്ഞത് 4 മാസം, കോടതി കനിഞ്ഞില്ല
കാസര്‍കോട്: യുട്യൂബര്‍ ഖാദര്‍ കരിപ്പൊടി പോലീസിന് മുമ്പാകെ കീഴടങ്ങി. പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കഴിഞ്ഞ നാലു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനും നിര്‍ദേശിച്ചു. ഇതോടെയാണ് അല്‍പ്പനേരം മുമ്പ് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
ഉദുമ സ്വദേശിയായ പ്രവാസി അബ്ദുല്‍ അഹദിനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ഖാദര്‍ കരിപ്പൊടിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരായ കേസ്. ഇഷ്ടിക, കത്തി എന്നിവ ഉപയോഗിച്ചാണ് ആക്രമണം എന്ന് പരാതിക്കാര്‍ പറയുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ അബ്ദുല്‍ അഹദ് ചികില്‍സ തേടിയിരുന്നു. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം.

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഖാദര്‍ കരിപ്പൊടി സുപ്രീംകോടതിയെ സമീപ്പിച്ചത്. പക്ഷേ, അനുകൂല വിധിയുണ്ടായില്ല. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു. മാത്രമല്ല, ഒരു കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു എന്നും പോലീസ് സൂചിപ്പിച്ചു.
നാലു മാസമായി ഒളിവില്‍ കഴിയുന്നു എങ്കിലും ഇതിനിടയിലും സോഷ്യല്‍ മീഡിയയില്‍ ഖാദര്‍ കരിപ്പൊടി സജീവമാണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നായിരുന്നു പോലീസ് ഒരു ഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതോടെ അധികം വൈകാതെ ഖാദര്‍ കരിപ്പൊടി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
റാഷിദ്, അഷ്‌റഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അഹദിനെ വിളിച്ചുവരുത്തി ആക്രമിക്കുമ്പോള്‍ ഇവരുടെ ഖാദര്‍ കരിപ്പൊടിയെ സഹായിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കീഴടങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ശേഷം വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും. നിലവിലെ സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ് എന്ന് പോലീസ് പറയുന്നു. പബ്ലിക് കേരള എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് ഖാദര്‍ കരിപ്പൊടി.
അതേസമയം, സിസിടിവി ഉള്‍പ്പെടെയുള്ള സ്ഥലത്തേക്ക് വിളിച്ചുവരുത്തി തല്ലി എന്ന വാദം പൂര്‍ണമായും തെറ്റാണ് എന്ന് ഖാദര്‍ കരിപ്പൊടി നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരേ പരാതി കൊടുത്ത വ്യക്തി ഗള്‍ഫില്‍ താനുള്‍പ്പെടെ നിക്ഷേപിച്ച കമ്പനിക്ക് വലിയ തുക കൊടുക്കാനുണ്ട്. ഇത് ചോദിച്ചപ്പോള്‍ ഭീഷണി മുഴക്കുകയാണ് ചെയ്തത് എന്നും ഖാദര്‍ കരിപ്പൊടി പറയുന്നു.


Click it and Unblock the Notifications
