ലൈസൻസ് റദ്ദാക്കലും കേസും മാത്രമല്ല; സഞ്ജു ടെക്കിക്ക് എംവിഡി കൊടുത്തത് മുട്ടൻ പണി
ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ ആറ് വകുപ്പുകൾ പ്രകാരം കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടരമായ ഡ്രൈവിംഗ്. സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, റോഡ് സുരക്ഷ ലംഘനം തുടങ്ങിയ വകുപ്പകൾ ആണ് സഞ്ജുവിനെതിരെ ചുമത്തിയത്. സഞ്ജുവിനെ മലപ്പുറം എം വി ഡി കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും തീരുമാനമായി. ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനത്തിന് നിർദ്ദേശിക്കുകയും ചെയ്തതായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ പറഞ്ഞു.
സഞ്ജുവിന്റെയും വാഹനം ഓടിച്ച ആളുടെയും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനത്തിന്റെ ആർ സി റദ്ദാക്കുകയും ചെയ്തു. സഫാരി കാറിനകത്ത് വെള്ളം നിറച്ച് സ്വിമ്മിംഗ് പൂളാക്കി റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പിന്നാലെയാണ് നടപടി. സംഭവം വിവാദമായതോടെ വാഹനം കൊല്ലത്തേക്ക് കടത്തിയിരുന്നു.

ഇവിടെ നിന്നാണ് വാഹനം അധികൃതർ പിടിച്ചെടുത്തത്. മലപ്പുറം എടപ്പാളിലുള്ള എം വി ഡി കേന്ദ്രത്തിലേക്ക് എട്ട് ദിവസത്തെ പരിശീലനത്തിന് അയക്കുമെന്നാണ് ആർ ടി ഒ പറയുന്നത്. കൂടാതെ ട്രാഫിക് പരിശീനവും നൽകും. സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ പങ്കുവെച്ചിരുന്നു.
വാഹനത്തിൽ സഞ്ചരിച്ച് കൊണ്ട് കുളിക്കുന്നതും വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതുമൊക്കെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. വാഹനം മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസമാണ് പിടിച്ചെടുത്ത്. അപകരമായ വിധത്തിലാണ് പൊതു നിരത്തിലൂടെ വാഹനം ഓടിച്ചിരുന്നത്.
കാറിന്റെ പിൻഭാഗത്തെ പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ച് മാറ്റിയാണ് സ്വിമ്മിംഗ് പൂൾ തയ്യാറാക്കയിത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് സ്വിമ്മിംഗ് പൂൾ തയ്യാറാക്കിയത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജവും കൂട്ടുകാരും വാഹനം ഓടിച്ചത്.
നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്.
അതിനിടെ സ്വിമ്മിംഗ് പൂളിനുള്ളിലെ മർദ്ദം കൊണ്ട് എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുമുണ്ട്. യൂട്യൂബിൽ മത്സരം കൂടി വരുന്നതോടെ വ്യത്യസ്തമായ വീഡിയോ ചെയ്ത് റീച്ച് ഉണ്ടാക്കാനാണ് ഈ വീഡിയോ എടുത്തത് എന്നാണ് സഞ്ജു പറഞ്ഞത്.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സഞ്ജുവിന് ഉള്ളത്. സഞ്ജു പങ്കുവെയ്ക്കുന്ന വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. ടെക്നോളജി, ലൈഫ് സ്റ്റൈൽ തുടങ്ങിയ വീഡിയോകളാണ് സഞ്ജു പങ്കുവെയ്ക്കാറുള്ളത്. അതേ സമയം ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ സഞ്ജുവിനെതിരെ വിമർശങ്ങൾ ഉയർന്നിരുന്നു.


Click it and Unblock the Notifications