യുവതിയുമായി പാര്‍ക്കിലെത്തി; പിന്നാലെ 21 കാരന്‍ മരിച്ച നിലയില്‍
എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കില്‍ യുവാവ് മരിച്ച നിലയില്‍. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. 21 വയസായിരുന്നു. പ്രമുഖ യൂട്യൂബറുടെ ക്യാമറാമാന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് മുഹമ്മദ് ഫര്‍ഹാന്‍. പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു ഫര്‍ഹാന്റെ മൃതദേഹം കണ്ടെത്തിയത്.
അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പെണ്‍സുഹൃത്തിനൊപ്പമാണ് ഫര്‍ഹാന്‍ പാര്‍ക്കിലെത്തിയത്. ബൈക്കിലെത്തിയ ഇരുവരും പാര്‍ക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പിന്നാലെ ഫര്‍ഹാന്‍ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇത് കണ്ട് ഭയന്ന പെണ്‍സുഹൃത്ത് റോഡിലൂടെ പോയ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. ഒപ്പം അടുത്ത് തന്നെയുള്ള ഇവരുടെ താമസസ്ഥലത്തെ മറ്റു കൂട്ടുകാരികളെയും വിവരമറിയിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് ചങ്ങല മുറിച്ച് മാറ്റി മൃതദേഹം താഴെയിറക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കബറടക്കി.
സംഭവസ്ഥലത്ത് ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കോട്ടയംകാരിയായ സുഹൃത്ത് കോസ്മെറ്റോളജി ക്ലിനിക്കിലെ ജോലിക്കാരിയാണ്. ആലുവ ചെമ്പറക്കി അരിമ്പശ്ശേരി എ എ. അബ്ദുല്‍ കരീമിന്റെയും ഷംലയുടെയും മകനാണ് മരിച്ച മുഹമ്മദ് ഫര്‍ഹാന്‍.


Click it and Unblock the Notifications
