കൊച്ചി ബിനാലെയ്ക്ക് യൂസഫലിയുടെ ധനസഹായം; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
കൊച്ചി: കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഇക്കുറിയും ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായി പിന്തുണ അറിയിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മുന്‍കാലങ്ങളിലും എംഎ യൂസഫലി മുസീരിസ് ബിനാലെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്തവണയും ബിനാലെയ്ക്കുള്ള സംഭാവന നല്‍കിയത്.
സ്റ്റുഡന്‍സ് ബിനാലെ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഒഒയുമായ ഫഹാസ് അഷറഫ് മട്ടാഞ്ചാരിയിലെ കൊച്ചി മുസീരിസ് ബിനാലെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. കൊച്ചിയുടെ സാസ്‌കാരിക പൈതൃകത്തെ ഊട്ടിയുറപ്പിക്കുന്ന പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന പിന്തുണയാണിതെന്ന് ഫഹാസ് അഷറഫ് പ്രതികരിച്ചു. ബിനാലെയെ പിന്തുണയ്ക്കാന്‍ കഴിയുന്നത് സന്തോഷവും അഭിമാനവുമാണെന്നും ബിനാലെ വേദികള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ ചെയര്‍പേഴ്‌സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ വി വേണുവാണ് ഫഹാസ് അഷറഫില്‍ നിന്ന് ചെക്ക് സ്വീകരിച്ചു. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സിഇഒ തോമസ് വര്‍ഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ബി സ്വരാജ്, മാനേജര്‍ വി പീതാംബരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബിനാലെയ്ക്കുള്ള ലുലു ഗ്രൂപ്പിന്റെ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ വി വേണു ചെയര്‍മാന്‍ എംഎ യൂസഫ് അലിയുടെ പ്രോത്സാഹനത്തെയും പ്രശംസിച്ചു. വാണിജ്യ സ്‌പോണ്‍സര്‍ഷിപ്പുകളിലോ പരസ്യങ്ങളിലോ ഞങ്ങള്‍ ആശ്രയിക്കുന്നില്ലെന്നും അര്‍ത്ഥവത്തായ സ്ഥാപനങ്ങളുടെ പിന്തുണയാണു ബിനാലെയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 21 നാണ് മുസിരീസ് ബിനാലെ ആറാം പതിപ്പ് ആരംഭിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ദ്വീപ്, എറണാകുളം നഗരമധ്യം ഉള്‍പ്പടെ 29 വേദികളാണ് ഒരുങ്ങുന്നത്. ഈ വര്‍ഷം നിരവധി പുതിയ വേദികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാന്തരമായി നടക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെ യുവ കലാകാരന്മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.












Click it and Unblock the Notifications