കോഴിക്കോട് യുവമോര്‍ച്ച സദാചാര പോലീസ് ആയി; ഹോട്ടല്‍ തകര്‍ത്തു
കോഴിക്കോട്: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചരയമൊരുക്കിക്കൊടുത്തു എന്ന് ആക്ഷേപമുയര്‍ന്ന ഹോട്ടല്‍ കോഴിക്കോട് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തു. ഒരു ചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് യുവമോര്‍ച്ചയുടെ അക്രമം.
കോഴിക്കോട് പിടി ഇഷ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് ആണ് ഇരുപതോളം അക്രമികള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തത്. യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കര്‍ണാടകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന സദാചാരപോലീസിങിന് സമാനമാണ് കോഴിക്കോട് നടന്ന സംഭവം എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് പ്രണയദിനത്തിലും മറ്റും സംഘപരിവാര്‍ സംഘടനകള്‍ മംഗലാപുരത്ത് സമാനമായ അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്.
റസ്റ്റോറന്റിലെ പാര്‍ക്കിങ് ഏരിയയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപെഴകുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. കോഴിക്കോട്ടെ ചില ന്യൂജനറേഷന്‍ റസ്‌റ്റോറന്റുകള്‍ അനാശാസ്യത്തിന് സൗകര്യമൊരുക്കുന്നു എന്നായിരുന്ന ചാനല്‍ വാര്‍ത്ത.
ചാനല്‍ വാര്‍ത്ത പുറത്ത് വന്ന് അല്‍പസമയം കഴിഞ്ഞപ്പോഴേക്കും പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ആക്രമണം തുടങ്ങി. റസ്റ്റോറന്റിലെ ഫര്‍ണീച്ചറുകള്‍ പൂര്‍മായും അടിച്ചു തകര്‍ത്തു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. യുവമോര്‍ച്ചയുടെ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത് വന്നിട്ടുണ്ട്. ഹോട്ടലിന് നേരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നാസറുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications