ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുതിപ്പോ? സർവ്വെ പറയുന്നത് ഇങ്ങനെ..കേരളത്തിൽ ബിജെപി ഇത്തവണയും നിലംതൊടില്ല
ഡൽഹി:ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും എൻഡിഎ കൂറ്റൻ വിജയം നേടുമെന്ന് സീ ന്യൂസ്-മാട്രിനൈസ് അഭിപ്രായ സർവ്വെ. 377 സീറ്റുകളാണ് സഖ്യത്തിന് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 94 സീറ്റിൽ ഒതുങ്ങുമെന്നും മറ്റ് പാർട്ടികൾ 72 വരെ സീറ്റുകൾ നേടുമെന്നും സർവ്വെ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ എൻഡിഎ സഖ്യത്തിന് 37 സീറ്റുകളാണ് സർവ്വെ പ്രവചിക്കുന്നത്. അതേസമയം ഇന്ത്യ സഖ്യത്തിന് 3 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മറ്റൊരു സംസ്ഥാനമായ ബംഗാളിൽ 24 സീറ്റിൽ തൃണമൂൽ വിജയിക്കും. എന്നാൽ ബി ജെ പി ഇത്തവണ അട്ടിമറി മുന്നേറ്റം കാഴ്ചവെയ്ക്കും. 17 സീറ്റുകൾ വരെ നേടും. ഇന്ത്യ സഖ്യം 1 സീറ്റിൽ ഒതുങ്ങുമെന്നും സർവ്വെ പറയുന്നു.

മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് വൻ വിജയം നേടാനാകും, 48 ൽ 45 സീറ്റ് വരെ നേടും. ഇന്ത്യ സഖ്യം മൂന്ന് സീറ്റിലേക്ക് ചുരുങ്ങും. മധ്യപ്രദേശിൽ ബി ജെ പിക്ക് 28 ഉം കോൺഗ്രസിന് 1 സീറ്റുമാണ് പ്രവചിക്കുന്നത്. രാജസ്ഥാനിൽ 25 സീറ്റും ബി ജെ പിനേടുമെന്നും സർവ്വേ പറയുന്നു.
കോൺഗ്രസ് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഹിമാചലിലും എൻഡിഎയ്ക്കാണ് മുൻതൂക്കം. ഇവിടെ ഇന്ത്യ സഖ്യം വെറും 1 സീറ്റ് മാത്രമേ നേടൂവെന്നാണ് പ്രവചനം. ഇന്ത്യ സഖ്യം ഏറെ പ്രതീക്ഷ പുലർത്തുന്ന രാജ്യതലസ്ഥാനത്ത് സഖ്യം സംപൂജ്യരാകും. ബി ജെ പി 7 സീറ്റും തൂത്തുവാരും. ഹരിയാനയിൽ എൻഡിഎ 9 സീറ്റുകളും ഇന്ത്യ സഖ്യം 1 സീറ്റും നേടും. ബിജെപി കോട്ടയായ ഗുജറാത്തിൽ 26 സീറ്റും പാർട്ടിക്ക് ലഭിക്കും. ഉത്തരാഖണ്ഡിൽ ആകെയുള്ള 5 സീറ്റിൽ എൻ ഡി എ ജയിക്കും.
ആം ആദ്മി ഭരിക്കുന്ന പഞ്ചാബിൽ 5 സീറ്റുകൾ പാർട്ടിക്ക് ലഭിക്കും. കോൺഗ്രസിന് മൂന്ന്, ശിരോമണി അകാലിദളിന് 1 സീറ്റും ലഭിക്കും. ഇവിടെ ബി ജെ പിക്ക് ഇത്തവണ മൂന്ന് സീറ്റുകളാണ് പ്രവചിക്കുന്നത്. ജാർഖണ്ഡ്- എൻ ഡി എ-13, ഇന്ത്യ സഖ്യം-1, ഉത്തർപ്രദേശ്-78, ഇന്ത്യ സഖ്യം-2, ചണ്ഡീഗഡ്-ബിജെപി-11 എന്നിങ്ങനെയാണ് സർവ്വെ പ്രവചനം.
ദക്ഷിണേന്ത്യയിൽ ബി ജെ പി വലിയ പ്രതീക്ഷ പുലർത്തുന്ന കേരളത്തിൽ ഇത്തവണയും ബി ജെ പി സംപൂജ്യരാകുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. ആറ് സീറ്റുകളിൽ അട്ടിമറി പ്രതീക്ഷിച്ചാണ് ബിജെപി ഇക്കുറി ഇറങ്ങുന്നത്. ഇതിൽ സുരേഷ് ഗോപിയിലൂടെ തൃശൂർ മണ്ഡലത്തിൽ വിജയവും ബി ജെ പി പ്രതീക്ഷിക്കുന്നു. എന്നാൽ ബി ജെ പിയുടെ പ്രതീക്ഷ ഇത്തവണയും അസ്ഥാനത്താകുമെന്നാണ് സർവ്വെ പറയുന്നത്. ആകെയുള്ള 20 സീറ്റുകളും ഇന്ത്യ സഖ്യം തൂത്തുവാരും. അതേസമയം തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ ഇത്തവണയും എൻഡിഎയ്ക്കാണ് സർവ്വെ മുൻതൂക്കം പ്രവചിക്കുന്നത്. ആകെയുള്ള 28 സീറ്റിൽ 23 ഉം എൻഡിഎയ്ക്ക് ലഭിക്കുമെന്നും 5 സീറ്റുകൾ മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂവെന്നും സർവ്വെ പറയുന്നു.
ആന്ധ്രപ്രദേശിൽ വൈ എസ് ആർ സി പിക്ക് 19 ഉം ടിഡിപിക്ക് 6 സീറ്റുകളുമാണ് സർവ്വെയിൽ സാധ്യത കൽപ്പിക്കുന്നത്. കോൺഗ്രസ് സംപൂജ്യരാകുമെന്നും സർവ്വെ പറയുന്നു. അതേസമയം തെലങ്കാനയിൽ കോൺഗ്രസിന് 9 സീറ്റുകൾ ലഭിച്ചേക്കുമെന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ബിജെപിയും ഇവിടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കും, 5 സീറ്റുകൾ നേടുമെന്നാണ് സർവ്വെയിലെ കണ്ടെത്തൽ. തമിഴ്നാട്ടിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ എൻഡിഎയെ ഒരു സീറ്റിലൊതുങ്ങും. ഡിഎംകെ സഖ്യം 36 സീറ്റിലും വിജയം നേടും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എൻ ഡി എയുടെ തേരോട്ടമാണ് സർവ്വെ പറയുന്നു. 10 സീറ്റുകളാണ് പ്രവചിക്കുന്നത്. ഒഡീഷയിൽ ബി ജെ ഡി 9 സീറ്റുകൾ നേടുമെന്നും ബി ജെ പിക്ക് 11 വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആന്ദമാൻ, ഗോവ, ദാദ്ര-നാഗർ ഹവലേി എന്നിവിടങ്ങളും എൻ ഡി എ വിജയിക്കും. ജമ്മു കാശ്മീരിൽ എൻ ഡി എയ്ക്ക് 2 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 3 സീറ്റുകളും ലഭിക്കുമെന്നും സർവ്വെ പറയുന്നു.












Click it and Unblock the Notifications