എങ്ങനെയുള്ള മേയറെ ആണ് ന്യൂയോര്‍ക്കിന് ആവശ്യം? ആര്യ രാജേന്ദ്രന്റെ ചിത്രം പങ്കുവച്ച് മംദാനി, ട്വീറ്റ് വൈറല്‍
രാജ്യാന്തര മാധ്യമങ്ങളില്‍ ഇന്നത്തെ പ്രധാന വാര്‍ത്തയാണ് സുഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ പദവിയിലേക്ക് മല്‍സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ഡെമോക്രാറ്റ് അംഗമായ ഈ 33കാരന്‍. നവംബറിലാണ് തിരഞ്ഞെടുപ്പ് എങ്കിലും ഡെമോക്രാറ്റുകള്‍ക്ക് മികച്ച പിന്‍ബലമുള്ള ന്യൂയോര്‍ക്കില്‍ മംദാനി മേയറാകുമെന്നാണ് കരുതുന്നത്.
നരേന്ദ്ര മോദിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഉപമിച്ച വ്യക്തിയാണ് മംദാനി. തികഞ്ഞ പലസ്തീന്‍ അനുകൂലി. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികളുടെ വിമര്‍ശന്‍. അദ്ദേഹത്തിന്റെ പല നിലപാടുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ രൂക്ഷമായി പരിഹസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നത്.

ഇന്ത്യന്‍ വംശജരായ അധ്യാപകന്‍ മഹ്മൂദ് മംദാനി, സംവിധായക മീര നായര്‍ എന്നിവരുടെ മകനാണ് സുഹ്‌റാന്‍ മംദാനി. നിലവില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയില്‍ അംഗമാണ്. ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം മാതാപിതാക്കള്‍ക്കൊപ്പം ഏഴാം വയസിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിറിയന്‍-അമേരിക്കന്‍ കലാകാരി റമ ദുവാജിയാണ് ഭാര്യ. സോഷ്യലിസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മംദാനി 2020ല്‍ പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയാണ്.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി സിപിഎമ്മിലെ ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ പുതുച്ചേരി സിപിഎം ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ പ്രായം കുറഞ്ഞ മേയര്‍ ആണ് ആര്യ എന്ന് സൂചിപ്പിക്കുന്ന ഈ ട്വീറ്റ്, 2020 ഡിസംബര്‍ 27ന് മംദാനി പങ്കുവയ്ക്കുകയുണ്ടായി. എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്കിന് ഇപ്പോള്‍ ആവശ്യം എന്ന ചോദ്യത്തോടെയാണ് മംദാനി ആര്യയുടെ ചിത്രം പങ്കുവച്ചത്.
ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് മംദാനി. എന്നാല്‍ ന്യൂയോര്‍ക്കിലെ വോട്ടര്‍മാരില്‍ വലിയൊരു ഭാഗം ജൂതരാണ്. വേറിട്ട നിലപാടുകള്‍ കൊണ്ട് നിരന്തരം മാധ്യമങ്ങൡ നിറയുകയും യുവജനങ്ങളുടെ പിന്തുണ നേടുകയും ചെയ്യുന്ന മംദാനി മല്‍സരിച്ചാല്‍ ന്യൂയോര്‍ക്കിന്റെ അടുത്ത മേയറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൈമറി തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തത്തിയ വ്യക്തി മംദാനിക്ക് ആശംസ നേര്‍ന്നു.
നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മംദാനി ജയിക്കുകയാണെങ്കില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് സ്വന്തമാകും. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും പ്രായം കുറഞ്ഞ മേയറും ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിമും ആയി മാറും മംദാനി. പ്രായക്കുറവ് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി മംദാനിയുടെ പക്വതയുള്ള പ്രസംഗങ്ങളും ചോദ്യോത്തര വീഡിയോകളും പങ്കുവച്ചാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതികരിക്കുന്നത്.
2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടതും തിരുവനന്തപുരം നഗരത്തിന്റെ മേയറായതും. 21ാം വയസിലായിരുന്നു ആര്യ ദൗത്യം ഏറ്റെടുത്തത്. നേരത്തെ രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍ എന്ന പദവി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആയിരുന്നു. അദ്ദേഹം നാഗ്പൂര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് 27ാം വയസിലാണ്. ബാലസംഘം, എസ്എഫ്‌ഐ എന്നിവയില്‍ പ്രവര്‍ത്തിച്ചാണ് ആര്യ രാജേന്ദ്രന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. സച്ചിന്‍ ദേവ് എംഎല്‍എയാണ് ഭര്‍ത്താവ്. 2023ല്‍ കുഞ്ഞിനെ എടുത്ത് ഓഫീസില്‍ ജോലി ചെയ്യുന്ന ആര്യയുടെ ചിത്രം വൈറലായിരുന്നു.












Click it and Unblock the Notifications