കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്.. പ്രിയ സഖാവെ, നിനക്ക് മരണമില്ല'

Google Oneindia Malayalam News

തിരുവനന്തപുരം; അർബുദം ബാധിച്ച് അകാലത്തിൽ മരിച്ച ഡിവൈഎഫ്ഐ അംഗത്തിന്റെ മരണത്തിൽ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കൊല്ലം അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയംഗമായിരുന്നു ശാന്തിയാണ് മരിച്ചത്. ചിരിച്ച് കൊണ്ട് തന്നെയാകും നീ മാഞ്ഞത്,ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല. കൊല്ലത്തെ വീട്ടിൽ നിന്ന് അവസാനമായി നിന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ഇനിയും വരാം എന്ന് പറഞ്ഞിരുന്നു. പക്ഷേ ഒടുവിലായി നിന്നെ കാണാൻ പോലും സാധിച്ചില്ലല്ലോയെന്നും റഹീം കുറിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.

aarahim-15957

ശാന്തി യാത്രയായി.. എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്. ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല. ഇഎംഎസ് അക്കാദമിയിൽ ഡിവൈഎഫ്ഐ സംസ്ഥാന വനിതാ പഠനക്യാംപിൽ നിന്നെ ശ്രദ്ധിച്ചതും അത് കൊണ്ട് തന്നെയായിരുന്നു.അന്ന്, മുടി മുഴുവൻ നഷ്ടപ്പെട്ടിരുന്നു. അർബുദത്തോട് പൊരുതുമ്പോഴും നിറഞ്ഞ ചിരിയുമായി ക്യാമ്പിൽ നിറഞ്ഞു നിന്നു നീ..

പിന്നെയൊരുനാൾ സഖാവ് ചിന്ത ജെറോം എന്നെ വിളിച്ചു. "ശാന്തിയുടെ നില മോശമാണ്, സഖാവിനെ കാണാൻ ആഗ്രഹം പങ്കുവച്ചു". ലോക് ഡൗൺകാലത്തെ ഇളവുകൾ വന്നയുടനെ കൊല്ലത്തേയ്ക്കുള്ള ആദ്യ യാത്രയിൽ ശാന്തിയുടെ വീട്ടിലെത്തി. ജില്ലാ പ്രസിഡന്റു ശ്യാം മോഹനും ഒപ്പമുണ്ടായിരുന്നു. കണ്ടു, സംസാരിച്ചു. അപ്പോഴും നീ എന്നെ അത്‌ഭുതപ്പെടുത്തി. കാർന്നു തിന്നുന്ന വേദനയിലും ചിരിമാത്രമായിരുന്നു അന്നും നിന്മുഖം.

അന്നു വാങ്ങിവന്ന ഒരു പേനയും, ഒരു പിടി പൂക്കളും നൽകി നിന്നോട് യാത്ര പറയുമ്പോൾ എന്റെ മനസ്സ്, നീ കാണാതെ ഇടറുന്നുണ്ടായിരുന്നു. അപ്പോഴും ആത്മവിശ്വാസം കൈവിടാതെ ചിരിച്ചും, ചിരിപ്പിച്ചും, വായിച്ചും, പാട്ടുകേട്ടും ആ ചെറിയ മുറിയിൽ നീ ജീവിതം ആഘോഷിക്കുകയായിരുന്നു.

സംസ്ഥാന വനിതാ പഠന ക്യാമ്പിന് ശേഷം ഒരു ദിവസം, മഹേഷും ചിന്തയും പറഞ്ഞു അവസാന ശ്രമമായി ഗർഭപാത്രം തന്നെ നഷ്ടപ്പെടുത്തുകയാണെന്ന്. ആ ശസ്ത്രക്രിയ കഴിയുമ്പോഴും നീ ആത്മ വിശ്വാസം ഉപേക്ഷിച്ചുരുന്നില്ല, അപ്പോഴും ശാന്തി ചിരിക്കുക തന്നെയാണെന്ന് ഇരുവരും അന്നെന്നോട് പറഞ്ഞതോർക്കുന്നു.

കൊല്ലത്തെ വീട്ടിൽ നിന്ന് അവസാനമായി നിന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ഇനിയും വരാം എന്ന് പറഞ്ഞിരുന്നു. പക്ഷേ ഒടുവിലായി നിന്നെ കാണാൻ പോലും വരാൻ സാധിക്കുന്നില്ലല്ലോ പെങ്ങളെ..കൊറന്റൈൻ കഴിഞ്ഞാൽ ആദ്യത്തെ യാത്ര നിന്റെ വീട്ടിലേക്കായിരിക്കും..നീ ഉറങ്ങുന്നതിനരികിൽ കുറച്ചുനേരം നിൽക്കും.

നിർത്തുന്നു. ഒരിക്കലും ചിരിമാറാത്ത നിന്നെക്കുറിച്ച് എഴുതി നിർത്തുമ്പോൾ എന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു....

Recommended Video

cmsvideo
പുള്ളിമാൻ കുഞ്ഞിന് സ്നേഹത്തണലേകി വനം വകുപ്പിലെ വാച്ചർമാർ

പ്രിയ സഖാവെ, നിനക്ക് മരണമില്ല. കൊലക്കയറിനു മുന്നിൽ നിൽക്കുമ്പോഴും തല ഉയർത്തി നിന്നവരെക്കുറിച്ചു പഠിച്ചും വായിച്ചുമാണല്ലോ നീ വളർന്നത്.മരണം അരികിൽ എത്തിയെന്നറിഞ്ഞിട്ടും ചിരിച്ചു നിന്നവൾ നീ... അവരെപ്പോലെ മരണത്തെ നീയും തോൽപ്പിക്കുക തന്നെയായിരുന്നു.നീ മായുമ്പോഴും നിൻ മുഖം മായുന്നില്ല... നിൻ ചിരി മറയുന്നില്ല. പ്രിയ സഖാവെ, അന്ത്യാഭിവാദ്യങ്ങൾ.

English summary
AA Rahim about DYFI member shanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X