കൊല്ലത്ത് പോലീസ് തോക്കില്‍ നിന്ന് വെടിപൊട്ടി; പ്രതിക്ക് മുഖത്ത് പരിക്ക്, അറസ്റ്റിനിടെ...
കൊല്ലം: പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി. അബദ്ധത്തില്‍ പൊട്ടിയതാണ് എന്നാണ് ആദ്യ വിവരം. പ്രതി പുനലൂര്‍ മണിയാര്‍ ചരുവിള വീട്ടില്‍ മുകേഷിന് മുഖത്ത് പരിക്കേറ്റു. പ്രതിയുമായുള്ള പിടിവലിയില്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്. പ്രതിയും പോലീസുകാരും പരിക്കേറ്റ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊല്ലം പത്തനാപുരത്താണ് പോലീസും പ്രതിയും തമ്മില്‍ പിടിവലി നടന്നതും വെടിപൊട്ടിയതും. നിരവധി കേസുകളില്‍ പ്രതിയാണ് മുകേഷ് എന്ന് പോലീസ് പറയുന്നു. ഇയാളുടെ ഭാര്യ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചത്. മോഷണ കേസിലായിരുന്നു അറസ്റ്റ്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി.

മുകേഷിനെ ഭാര്യവീടായ പുന്നലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. വിഷ്ണു എന്ന പോലീസുകാരന്റെ കഴുത്തില്‍ മുകേഷ് കത്തിവയ്ക്കുകയായിരുന്നുവത്രെ. ഈ വേളയില്‍ എസ്‌ഐ തോക്കെടുത്തു. തോക്ക് കൈവശപ്പെടുത്താന്‍ പ്രതി ശ്രമിക്കുന്നതിനിടെ വെടിപൊട്ടി എന്നാണ് പോലീസ് പറയുന്നത്. മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട പോയത്. ഇയാളുടെ മുഖത്ത് പരിക്കുണ്ട്. ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പുന്നലയിലെ ക്ഷേത്രത്തില്‍ മോഷണം നടന്ന കേസിലാണ് പോലീസ് മുകേഷിനെ തിരഞ്ഞെത്തിയത്. മുകേഷ് 25ലധികം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസെടുണ്ടത്രെ. പ്രതി മുഖേഷിന് പുറമെ, എസ്‌ഐ അരുണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, സാബു ലോക്കോസ്, വിനീത് എന്നിവര്‍ക്കും പരിക്കുണ്ട്. പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications