ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്, നല്ല കമ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണേ- ഷമ്മി തിലകന്‍
കൊല്ലം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചര്‍ച്ചയായി നടന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്. അല്‍പ്പ നാളെങ്കിലും തെറ്റിദ്ധരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷമ്മി പറയുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദം വരുംദിവസങ്ങളിലും വലിയ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
കെബി ഗണേഷ് കുമാര്‍ എംഎല്‍എ, ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്കെതിരെ സിബിഐ കണ്ടെത്തലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ നീക്കം നടന്നുവെന്നാണ് ആരോപണം. ഈ വിവരം പുറത്തുവന്ന പിന്നാലെ ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

ഗണേഷ് കുമാര്‍ യുഡിഎഫില്‍ കയറിപ്പറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും എന്തുവന്നാലും അത് തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സത്യം എത്ര മൂടിവച്ചാലും പുറത്തുവരുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകള്‍.
സാമൂഹിക ദ്രോഹികളുടെ ഇടപെടല്‍ മൂലം ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിച്ചുവെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതില്‍ ഖേദമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവില്‍ നിന്നുള്ള പ്രതികാര കൊടുങ്കാറ്റ് ദ്രോഹികളുടെ മേല്‍ മാത്രം പതിക്കണമെന്നാണ് അപേക്ഷ. നല്ല കമ്യൂണിസ്റ്റുകളുടെ മേല്‍ പതിക്കാതെ കരുണ കാട്ടണമെന്നും ഷമ്മി തിലകന്‍ കുറിക്കുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് വായിക്കാം...
ഉമ്മൻചാണ്ടി സാർ #മാപ്പ്..!🙏
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..!
ഒപ്പം..;
പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
🙏🙏
ലാൽസലാം.💪
അതേസമയം, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ കണ്ടെത്തല്‍ വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി നല്‍കിയ ഔദാര്യമാണ് ഗണേഷിന്റെ രാഷ്ട്രീയം. ഒരു കാരണവശാലും ഗണേഷിനെ യുഡിഎഫില്‍ അടുപ്പിക്കരുത്. തുറന്ന സമരത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നീങ്ങുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെ മാനം കെടുത്തി, സമൂഹമധ്യത്തില്‍ അപഹാസ്യനാക്കി മാറ്റിയതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തണം. ഗണേഷ് കുമാറാണ് പിന്നിലെങ്കില്‍ കണ്ടെത്തണം. ഗണേഷിനെ കൊണ്ട് പരിഹാര നടപടി എടുപ്പിക്കണം. അതിന് നട്ടെല്ലുണ്ടെങ്കില്‍ അന്വേഷണത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications