അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി കേരളത്തിലും..7 ജില്ലയിലെ യുവാക്കള്‍ക്ക് അപേക്ഷിക്കാം
കൊല്ലം: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിന്റെ കരസേന റിക്രൂട്ട്മെന്റ് റാലി കൊല്ലത്തും നടക്കും. കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായി കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്മെൻറ് റാലി സംഘടിപ്പിക്കുന്നത്. നവംബർ 15 മുതൽ 30 വരെ ആണ് റാലി . ഇതിനായുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30-ാം തീയതി വരെ രജിസ്റ്റർ ചെയ്യാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യണം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസ് പാസായിരിക്കണം, അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി.

അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നി വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് നവംബർ ഒന്നുമുതൽ പത്തുവരെ ഇ-മെയിൽ വഴി അഡ്മിറ്റ് കാർഡുകൾ ലഭിക്കും എന്നാണു റിപ്പോർട്ട്. വടക്കൻ ജില്ലകളിലെ ഉദ്യോഗാർഥികൾക്കായുള്ള റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട് ആണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം.
പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീരന്മാർ' എന്നറിയപ്പെടും. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
നിലവിൽ സൈന്യത്തിൽ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ അതേപടി അഗ്നിപഥിനും തുടരും. റാലികളിലൂടെ വർഷത്തിൽ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആറ് മാസത്തെ പരിശീലനവും തുടർന്ന് മൂന്നര വർഷത്തെ നിയമനവുമാണു നൽകുക. തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം സേവനത്തിൻറെ അവസാനത്തിൽ 40,000 രൂപയായി വർധിക്കും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോൾ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.












Click it and Unblock the Notifications