കൊവിഡ് പട്ടിക തയ്യാറാക്കി വരവേ കൊവിഡ് പിടികൂടി, കൊല്ലത്ത് നിന്നൊരു അറിയാക്കഥ
കൊല്ലം: കോവിഡ് പട്ടിക തയ്യാറാക്കി വരവേ കോവിഡ് പോസിറ്റീവ് ആയി, എന്നാല്‍ കോവിഡിന് പിടികൊടുക്കാതെ തിരികെയെത്തി വീണ്ടും കോവിഡ് പട്ടിക തയ്യാറാക്കി സ്പെഷ്യൽ കൊവിഡ് സെല്ലിലെ ഉദ്യോഗസ്ഥൻ. ദിനംപ്രതി മാധ്യമങ്ങളില്‍ എത്തുന്ന ജില്ലയിലെ കോവിഡ് കണക്കിന്റെ വാര്‍ത്തയ്ക്ക് ആധാരമായ കോവിഡ് പട്ടിക തയ്യാറാക്കുന്നത് കലക്‌ട്രേറ്റിലെ സ്‌പെഷ്യല്‍ കോവിഡ് സെല്ലിലാണ്. ജൂനിയര്‍ സൂപ്രണ്ട് കെ പി ഗിരിനാഥിനാണ് ഇതിന്റെ ചുമതല.
കോവിഡ് പോസിറ്റീവ് കേസുകളുടെ പട്ടിക തയ്യാറാക്കുന്നതിന് നേതൃത്വം കൊടുത്ത ആള്‍തന്നെ കോവിഡ് ബാധിച്ചത് മറ്റു ടീമംഗങ്ങളെ അങ്കലാപ്പിലാക്കിയിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതെ ഗിരിനാഥ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ച് ദിവസത്തെ ചികിത്സ ഒരുതരം സുരക്ഷിതത്വ ബോധം ഉണ്ടാക്കിയത് ഗിരിനാഥ് ഓര്‍ക്കുന്നു. ഡോക്ടര്‍മാര്‍ മുതല്‍ താഴെതട്ടിലുള്ള ജീവനക്കാര്‍വരെ സൗഹാര്‍ദ്ദപരമായി സ്‌നേഹത്തോടെ ഇടപെട്ടത് ഒപ്പമുണ്ടായിരുന്ന രോഗികള്‍ക്കും ആശ്വാസം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്തദാസ് എല്ലാ ദിവസവും എത്തി അന്വേഷണം നടത്താറുണ്ടായിരുന്നു.

തന്നോടൊപ്പം കിടന്ന മറ്റു രോഗികളോടും അദ്ദേഹത്തിന്റെ ഇടപെടല്‍ മനസില്‍ തട്ടുന്നതരത്തില്‍ ഊര്‍ജ്ജദായകമായിരുന്നു. മികച്ച രീതിയിലുള്ള ചികിത്സയും ആഹാരവും നല്‍കിയ സര്‍ക്കാര്‍ സംവിധാനം വളരെ ഫലപ്രദമാണെന്ന നേരനുഭവമാണ് ഗിരിനാഥിന്. കോവിഡിന്റെ കണക്ക് വരുമ്പോള്‍ പട്ടികയിലുള്ള ചിലരുടെ ഫോണ്‍ നമ്പറിലേക്ക് വിലാസവും മറ്റും ഉറപ്പുവരുത്തുന്നതിന് വിളിക്കേണ്ടി വരാറുണ്ട് ആ സമയങ്ങളില്‍ അവരുടെ മാനസികാവസ്ഥയും അവരുടെ ആശങ്കകളും അനുഭവിച്ചറിയാനായിട്ടുണ്ട്. പട്ടികയിലുള്ളവരുടെ മാനസികാവസ്ഥ പലകുറി ആലോചിച്ചിട്ടുണ്ട്. ഒടുവില്‍ അതേ മാനസികാവസ്ഥയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശത്തിലും ഉറപ്പിലും വിശ്വസിച്ചതാണ് കോവിഡിനെ അതിജീവിക്കാന്‍ ഇടയാക്കിയതെന്ന് ഗിരിനാഥ് വിശ്വസിക്കുന്നു.
നെഗറ്റീവായ ശേഷം ഭാര്യക്കും മൂത്തമകനും രോഗം ബാധിച്ചെങ്കിലും അവരും രോഗമുക്തരായി. കോവിഡ് പട്ടിക തയ്യാറാക്കുന്നതില്‍ അവധി ദിവസമോ മഴയോ കാലാവസ്ഥ വ്യതിയാനമോ വകവയ്ക്കാതെ എത്തുന്ന ടൈപ്പിസ്റ്റ് കെ ജി അനില്‍കുമാറിനോടാണ് ഗിരിനാഥിന് കടപ്പാട്, ഒപ്പം ആരോഗ്യവകുപ്പ് മാസ്സ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, അസിസ്റ്റന്റ് മീഡിയ ഓഫീസര്‍മാരായ ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു എന്നിവരോടുമാണ്. ദിനംപ്രതി കോവിഡ് കണക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍, അത് തയ്യാറാക്കുന്നവര്‍ ഓര്‍ക്കാറുണ്ട് ഇന്ന് ജില്ലയില്‍ രോഗബാധിതര്‍ ഇല്ല എന്ന വാര്‍ത്ത അടിച്ചുവരുന്ന ഒരു ദിനം.












Click it and Unblock the Notifications