മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; 2 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊല്ലം; തദ്ദേശ തിരഞ്ഞെടുപ്പില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം കോര്‍പ്പറേഷനിലെ അഞ്ചാലുംമൂട് വാര്‍ഡിലെ മൂന്നാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ സജി സഖറിയ, കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കമുകിന്‍കോട് വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ ബിനു. കെ. ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരഞ്ഞെടുപ്പിന്റെ തലേ ദിവസം (ഡിസംബര്‍ 7) രാത്രിയില്‍ ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി ബന്ധപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പകരം റിസര്‍വിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

അതിനിടെ ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക.
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച (ഡിസംബര്‍ 15) അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.












Click it and Unblock the Notifications