കശുവണ്ടിമേഖലയിൽ ഇക്കൊല്ലം കുറഞ്ഞത് 160 ദിവസം ജോലി നൽകും; കാഷ്യു ബോർഡ് വഴി തോട്ടണ്ടി സംഭരിക്കും
മൊസാംബിക്കിൽ നിന്നു 2100 മെട്രിക് ടൺ തോട്ടണ്ടി തൂത്തുക്കുടിയിൽ എത്തി. 3300 മെട്രിക് ടൺ തോട്ടണ്ടി ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കരാർ ഉറപ്പിച്ചു.

കൊല്ലം ∙ കാഷ്യു കോർപറേഷൻ, കാപ്പെക്സ് ഫാക്ടറികളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനും കശുവണ്ടി ലഭ്യമാക്കാനുമുള്ള നടപടികൾക്കു രൂപം നൽകിയതായി കാഷ്യു കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ.രാജേഷ് രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
ഈ വർഷം കുറഞ്ഞതു 160 ദിവസം ജോലി നൽകി ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. കാഷ്യു ബോർഡ് വഴിയാണു തോട്ടണ്ടി സംഭരിക്കുന്നത്. മൊസാംബിക്കിൽ നിന്നു 2100 മെട്രിക് ടൺ തോട്ടണ്ടി തൂത്തുക്കുടിയിൽ എത്തി. 3300 മെട്രിക് ടൺ തോട്ടണ്ടി ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കരാർ ഉറപ്പിച്ചു.
ഐവറികോസ്റ്റിൽ നിന്ന് 5000 മെട്രിക് ടണ്ണും ഘാനയിൽ നിന്നു 3000 മെട്രിക് ടണ്ണും നാടൻ തോട്ടണ്ടി പരമാവധി സംഭരിച്ചു തൊഴിൽ നൽകാനാണു പദ്ധതി തയാറാക്കിയിട്ടുള്ളത്. മാർച്ചിൽ 15 ദിവസവും തുടർന്നുള്ള മാസങ്ങളിൽ 20 ദിവസവും വീതവുമാണു തൊഴിൽ നൽകാൻ പരിശ്രമിക്കുന്നത്.
തൊഴിലാളികളുടെ കൂലി വർധനയും മറ്റും പരിഹരിക്കാൻ സംസ്ഥാന സർക്കാർ, ട്രേഡ് യൂണിയൻ, വ്യവസായി പ്രതിനിധികളുടെ സബ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതായും ഇവർ അറിയിച്ചു.












Click it and Unblock the Notifications