ക്ഷേത്ര മുറ്റത്ത് കരോള്‍ ഗാനവുമായി ക്രിസ്മസ് പാപ്പയും സംഘവും; പായസം നല്‍കി സ്വീകരിച്ച് മേല്‍ശാന്തി
ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിക്കുകയാണ്. സ്നേഹത്തിൻെറയും സമാധാനത്തിൻെറയും സന്ദേശം ലോകമെങ്ങും പടർത്തിക്കൊണ്ടാണ് ലോക ജനത ക്രിസ്മസ് ആഘോഷിക്കുന്നത്. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേരുന്നു, കേക്ക് മുറിക്കുന്നു, പരസ്പരം ആശംസകൾ അറിയിക്കുന്നു..അങ്ങനെ എങ്ങും ക്രിസ്മസ് ലഹരിയാണ്....
ഇപ്പോൾ വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രമുറ്റത്ത് എത്തിയ കരോൾ സംഘത്തിന് പാൽപായസം നൽകി സ്വീകരിക്കുന്ന മേൽശാന്തിയുടെ ചിത്രം ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കൊല്ലം പത്തനാപുരത്ത് നിന്നാണ് മതസാഹോദര്യത്തിന്റെ ഈ മനസ്സ് നിറയ്ക്കുന്ന കാഴ്ച.

പത്തനാപുരം കുന്നിട സെന്റ് തോമസ് മർത്തോമ ഇടവകയിൽ നിന്നുളള കരോൾ സംഘത്തിനാണ് പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രത്തിൽ സ്വീകരണം നൽകിയത്. ക്രിസുമസിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തിയ കരോൾ സംഘത്തെ പാൽപായസം നൽകി മേൽശാന്തി സ്വീകരിക്കുകയായിരുന്നു.
പായസം സ്വീകരിച്ച ശേഷം സംഘം കരോൾ ഗാനവും ആലപിച്ച് പരസ്പരം ആശംസകൾ നേർന്നാണ് പിരിഞ്ഞത്. ക്ഷേത്ര മേൽശാന്തി മുരളീധരൻ ശർമ്മ, ഭാരവാഹി കണ്ണൻ ശ്രീരാഗ് എന്നിവരാണ് കരോൾ സംഘത്തിന് ക്ഷേത്രത്തിൽ സ്വീകരണം നൽകിയത്.
അതേസമയം ക്രിസ്മസ് ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെ നിരവധി രംഗത്തെത്തിയിരുന്നു.. 'സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.'- മുഖ്യമന്ത്രി ക്രിസ്മസ് ആശംസിച്ചു.












Click it and Unblock the Notifications