ദേശീയ പാതയില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു: അപകടം കൊല്ലം അയത്തില്‍
കൊല്ലം: കൊല്ലം അയത്തില്‍ ജങ്ഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു. ദേശീയപാത വികസനത്തോട് അനുബന്ധിച്ച് കൊല്ലം ബൈപ്പാസില്‍ നിർമ്മിക്കുന്ന പുതിയ പാലമാണ് തകർന്നത്. ചൂരാങ്കുല്‍ പാലത്തിനോട് ചേർന്നായിരുന്നു പുതിയ പാലത്തിന്റെ നിർമ്മാണം. അപകട സമയത്ത് പാലത്തില്‍ നാല് തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.
പാലം നിർമ്മാണത്തിനായി തയ്യാറാക്കിയ ഇരുമ്പ് കമ്പികള്‍ അടങ്ങിയ ഫ്രെയിം താഴേക്ക് പതിക്കാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാലത്തില്‍ ഇന്ന് കോണ്‍ക്രീറ്റ് പ്രവർത്തികള്‍ നടന്ന് വരികയായിരുന്നു. ഇതിനിടെ പാലത്തിന് താഴെ താങ്ങായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ തെന്നി നീങ്ങുകയും പിന്നാലെ പാലം തകർന്ന് വീഴുകയുമായിരുന്നെന്ന് പ്രദേശ വാസികള്‍ പറയുന്നു.

നിർമ്മാണത്തിലെ അപാകതയാണ് പാലം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രദേശ വാസികള്‍ ആരോപിക്കുന്നത്. ഇത് മൂന്നാംതവണയാണ് പാലം നിര്‍മാണത്തിനിടെ പൊളിഞ്ഞുവീഴുന്നതെന്ന് വാർഡ് മെമ്പർ അനീഷ് വ്യക്തമാക്കി. 'ഒരാഴ്ചയായി ഇവിടെ പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കോണ്‍ക്രീറ്റ് ആരംഭിച്ചത്. ഇത് ആദ്യമായല്ല മൂന്നാം തവണയാണ് പാലം തകരുന്നത്' അനീഷ് മാധ്യമപ്രവത്തകരോട് പറഞ്ഞു.
നിർമ്മാണത്തിലെ അപകാതയാണ് ഇവിടെ കണ്ടത്. കൊല്ലം ബൈപ്പാസ് പോലെ വളരെ അധികം വാഹനങ്ങള്‍ കടന്ന് പോകുന്ന പാലത്തിന്റെ നിർമ്മാണത്തില്‍ പോലും വലിയ ഉദാസീനതയാണ് കാണിക്കുന്നത്. ചുമതലയുള്ള ഏത് ഉദ്യോഗസ്ഥരായാലും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായത്. പ്രവർത്തികള്‍ നടക്കുമ്പോള്‍ ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ ആരേയും ഇവിടെ കണ്ടിരുന്നില്ല. കരാർ ഏറ്റെടുത്ത കമ്പനിയുടെ ആളുകള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായരുന്നത്. നേരത്തെയും ചില പ്രശ്നങ്ങള്‍ ഉന്നയിച്ച് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ആരും ഇങ്ങോട്ട് വന്നിട്ടില്ലെന്നും അനീഷ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications