പൊട്ടികരഞ്ഞ് വീട്ടമ്മ, ആശ്ചര്യത്തോടെ സുധാമണി... കയ്യടി നേടിയും, ആവേശം നിറച്ചും ഭാരത് ജോഡോ
കൊല്ലം: ലോട്ടറി വിൽപ്പനക്കാരി സുധാമണിക്ക് ഇന്നൊരു സാധാരണ ദിവസമായിരുന്നില്ല. പ്രിയപ്പെട്ട നേതാവിനെ കാണാൻ മാത്രമല്ല ഒപ്പം നിൽക്കാനും സംസാരിക്കാനും പറ്റിയ ആവേശത്തിലാണ് ഇന്ന് സുധാമണി. പതിവുപോലെ പാരിപ്പള്ളിയിലെ പെട്രോൾ പമ്പിലേക്ക് ടിക്കറ്റ് വിൽക്കാൻ പോയതാണ് സുധ.
ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിനാൽ റോഡിൽ വലിയ തിരക്കായിരുന്നു. യാതയെത്തിയതോടെ ജനവും നിറഞ്ഞു. ഇതോടെ ഉയരക്കുറവുള്ള സുധാമണി തിരക്കിനിടയിൽപ്പെട്ട് വലഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നിന്നപ്പോഴാണ് ആരോപിടിച്ച് സുധാമണിയെ റോഡിൽ കയറ്റിവിട്ടത്.

പെട്ടന്നാണ് സുധാമാണിയെ അത്ഭുതപ്പെടുത്തി രാഹുൽ ഗാന്ധി അടുത്തേക്ക് വന്നത്. സുധാമണിക്കൊപ്പം ഇരുന്ന് സംസാരിച്ച രാഹുൽ ഫോട്ടോയും എടുത്തു.'അദ്ദേഹം എന്റെ ഉയരത്തിലേക്ക് ഇറങ്ങിവന്നു. എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും മനസിലായില്ല. കൈയിലെ ലോട്ടറി ടിക്കറ്റ് കണ്ട് കേരളയാണോ എന്നു ചോദിച്ചതുമാത്രം മനസിലായി. ഞാൻ തലയാട്ടി. ഒരു ടിക്കറ്റ് അദ്ദേഹം വാങ്ങി. കൂടെയുള്ള ആൾ പണവും തന്നു. ഞാൻ കൊടുത്ത ടിക്കറ്റിൽ ഭാഗ്യമുണ്ടാകണേ എന്നാണെന്റെ പ്രാർഥനയിപ്പോൾ.' സുധാമണി പറയുന്നു.

ഏഴുകൊല്ലമായി ലോട്ടറി വിൽപ്പനയാണ് സുധാമണിയുടെ തൊഴിൽ. 53 വയസ് പ്രായമുണ്ട്. ഇളംകുളം ചാമവിളവീട്ടിലാണ് താമസം. മൂന്നുസെന്റിൽ കൊച്ചുവീടും കുറേ കടവുമാണ് ജീവിതെമങ്കിലും അതിനിടയിൽ ഇത്തരം ചില സന്തോഷങ്ങൾ ഭാഗ്യക്കുറിയാണ് എന്നും സുധാമണി പറയുന്നു. കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര സുധാമണിയെപ്പോലെ നിരവധി കാഴ്ചകളും കയ്യടിയും നേടിയാണ് മുന്നോട്ട് നീങ്ങുന്നത്.

കല്ലുവാതുക്കൽ പാറയിൽ കോളനിയിൽ രാഹുൽ നടത്തിയ സന്ദർശനത്തിൽ കെട്ടിപിടിച്ച് കരയുന്ന വീട്ടമയുടെ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. കല്ലുവാതക്കലിലെ രാഹുലിന്റെ സന്ദർശന വീഡിയോ ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ പേജാണ് പങ്കുവെച്ചത്. പ്രദേശത്ത് എത്തിയ രാഹുലിനെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

ഇതിനിടയിലാണ് റോഡരികിൽ കാത്തുനിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് ശാന്തമ്മ രാഹുലിനെ കൈകാട്ടി വിളിക്കുന്നത്. വിളി ശ്രദ്ധയിൽപ്പെട്ട രാഹുൽ അവരുടെ അടുത്തേക്ക് എത്തുകയും ശാന്തയ്ക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് കയറിയിരിക്കുകയും ചെയ്തു. ഇരുവരോടും വിശേഷങ്ങളും വിഷമങ്ങളും തിരക്കുന്ന രാഹുലിന് ബിന്ദു കൃഷ്ണയാണ് വിവരങ്ങൾ പരിഭാക്ഷ ചെയ്ത് നൽകുന്നത്. ് ഇക്കഴിഞ്ഞ ഏഴിന് കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങി 150 കിലോമീറ്ററോളം പിന്നിട്ട രാഹുലും സംഘവും ഇന്ന് കൊല്ലത്ത് പൂർണമായി വിശ്രമിക്കും. വെള്ളിയാഴ്ചയാണ് തുടർന്ന് പദയാത്ര പുനരാരംഭിക്കുക.












Click it and Unblock the Notifications