വീട്ടില്‍ വ്യാജമദ്യ നിര്‍മാണം!!! അഞ്ഞൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍
കണ്ണനല്ലൂര്‍(കൊല്ലം): രാജ്യത്ത് കോവിഡ് -19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ബീവറേജസ് ഔട് ലെറ്റുകളും സംസ്ഥാനത്ത് പൂട്ടിക്കിടക്കുകയാണ്. മദ്യം ലഭ്യമല്ലെന്ന് ചുരുക്കം. ഈ തക്കത്തിന് വ്യാപകമായ രീതിയില്‍ വ്യാജമദ്യ നിര്‍മാണം പലയിടത്തും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരമൊരു വ്യാജമദ്യ നിര്‍മാണത്തിനാണ് കണ്ണനെല്ലൂര്‍ പോലീസ് തടയിട്ടിരിക്കുന്നത്.
അനധികൃതമായി വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാജ മദ്യം നിര്‍മ്മിച്ച് വിപണനം നടത്തിയ യുവാവിനെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ കിഴക്കേക്കര , തട്ടാരഴികത്ത് വീട്ടില്‍ ഷൈനു (42) ആണ് അറസ്റ്റിലായത്. ആവശ്യക്കാരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇയള്‍ മദ്യവില്‍പന നടത്തിയിരുന്നത്.

ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി ജോര്‍ജ്ജ് കോശിയുടെ നിര്‍ദ്ദേശാനുസരണം കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ കണ്ണനല്ലൂര്‍ പോലീസ് നടത്തിയ രഹസ്യനീക്കത്തില്‍ ആണ് ഇയാള്‍ അറസ്റ്റിലായത്. യാള്‍ മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആയിരുന്നു.
അറസ്റ്റ് ചെയ്ത സമയം ഇയാളുടെ കൈവശം വ്യാജ മദ്യ നിര്‍ മാണത്തിനായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവും ഉണ്ടായിരുന്നു. വ്യാജ മദ്യ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന യൂണിറ്റും പിടിച്ചെടുത്തു.
ലോക് ഡൗണ്‍ തുടങ്ങിയതിന് ശേഷം ആണ് ഇയാള്‍ വ്യാജമദ്യ നിര്‍മാണം തുടങ്ങിയത് . ലിറ്ററിന് 900 രൂപ നിരക്കിലായിരുന്നു കച്ചവടം, വ്യാജമദ്യം നിര്‍മ്മിക്കുന്നതും, ഉപയോഗിക്കുന്നതും, കൈവശം വയ്ക്കുന്നതും കുറ്റകരമായതിനാല്‍ , ഇയാളുടെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനകത്തും, പരസരത്തും ശൌചാലയത്തിലും മറ്റുമായാണ് ഇയാള്‍ വാറ്റുപകരണങ്ങളും വാഷും സൂക്ഷിച്ചിരുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ വ്യാജ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് കണ്ണനല്ലൂര്‍ പോലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ നിയാസ്, സുന്ദരേശന്‍, എഎസ്‌ഐ പ്രദീപ്, സതീഷ് കുമാര്‍ സിപിഒമാരായ ഷെമീര്‍ഖാന്‍, അരുണ്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ യാഴ്ച വ്യാജ മദ്യ വിപണനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications