അംബേദ്ക്കറും നെഹ്റുവും സാക്ഷി, ചാത്തന്നൂരിൽ ഇന്ത്യൻ ഭരണഘടന കൈമാറി വിവാഹം
കൊല്ലം : സാധാരണ നമ്മുടെ നാട്ടിലെ ഹിന്ദു വിവാഹങ്ങളിൽ പെണ്ണിന് പുടവ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. താലി കെട്ടിന് ശേഷം പെൺകുട്ടിയ്ക്കു വേണ്ട സംരക്ഷണം നൽകിക്കോളാം എന്ന ഒരു ആചാരത്തിന്റെ ഭാഗമായാണിത്. സോഷ്യൽ മീഡിയകളിലും പല തരം പുതിയ ചടങ്ങുകൾ കല്യാണത്തിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ട്. ഹൽദി പോലുള്ള ചടങ്ങുകൾ കേരളത്തിലേക്ക് വന്നിട്ട് മാസങ്ങളാകുന്നതേയുള്ളൂ.
എന്നാൽ ഇതിൽ നിന്നൊക്കെ മാറി വ്യത്യസ്തമാകുകയാണ് ചാത്തന്നൂരിൽ വച്ച് നടന്ന ഒരു വിവാഹം. ഇന്ത്യൻ ഭരണഘടനയെ ചേർത്തു പിടിച്ചാണ് വധൂ വരന്മാർ വിവാഹം കഴിച്ചത്. കൊല്ലം ചാത്തന്നൂരിൽ നടന്ന ഈ വിവാഹം കല്യാണത്തിനെത്തിയവർക്കും വ്യത്യസ്തമായ ഒരു അനുഭവമായി മാറി.

Credits : Abi Radhakrishnan (Facebook)
ചാത്തന്നൂർ സ്വദേശികളായ അബിയുടെയും ദേവികയുടെയും വിവാഹച്ചടങ്ങാണ് ഇത്തരത്തിൽ നടന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പേജ് ആലേഖനം ചെയ്താണ് വിവാഹ വേദി ഒരുക്കിയിരുന്നത്. വിവാഹ വേദിയിൽ അംബേദ്ക്കർ, നെഹ്റു എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. നടുക്ക് ഇന്ത്യൻ ഭരണഘടന , അംബേദ്ക്കർ, നെഹ്റു എന്നിവരുടെ ചിത്രങ്ങൾ ഇരുവശത്തും അലങ്കരിച്ചാണ് വിവാഹ മണ്ഡപം ഒരുക്കിയിരുന്നത്. ഇവിടെ വച്ചാണ് താലികെട്ട് നടന്നത്.
താലി കെട്ടിയതിന് പിന്നാലെ പുടവ കൊടുക്കൽ ചടങ്ങിന് പകരം ഇരുവരും ഇന്ത്യൻ ഭരണഘടനയാണ് കൈമാറിയത്. ഭരണഘടനയെ മുറുകെച്ചേർത്ത് വിവാഹം കഴിക്കാനും ഇരുവർക്കും ഒരു കാരണമുണ്ട്. ഭരണഘടനാ സാക്ഷരതയുടെ ഭാഗമായുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രചാരണത്തിനിടെയാണ് ദമ്പതികൾ ആദ്യമായി കണ്ടുമുട്ടിയത്.
വാക്കുകളും പ്രവൃത്തിയും രണ്ട് രീതിയിലേക്ക് പോകരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. നമ്മുടെ കുടുംബ ജീവിതത്തിൽ തന്നെ മാതൃകാപരമായി കാണിച്ചു കൊടുത്താൽ മാത്രമേ എല്ലാവരിലേക്കും അതിന്റെ മൂല്യം എത്തിക്കാൻ കഴിയുകയുള്ളൂ എന്നാണ് വ്യത്യസ്തമായ ഈ വിവാഹ ചടങ്ങിനെപ്പറ്റി അബി പ്രതികരിച്ചത്.

ചാത്തന്നൂർ പഞ്ചായത്തിലെ സെനറ്റ് അംഗങ്ങളാണ് വിവാഹിതയായ അഭിയും ദേവികയും. വിവാഹത്തിന് പങ്കെടുത്തവർക്ക് വിവാഹ ഭരണഘടന തത്വങ്ങളും അവകാശങ്ങളും വിശദമാക്കുന്ന ലഘുലേഖകളും വിതരണം ചെയ്തിരുന്നു. ഭരണഘടന തത്വങ്ങളെ പറ്റി പത്ത് വർഷത്തിലേറെയായി വിവിധയിടങ്ങളിൽ പഠിപ്പിക്കുന്നയാൾ കൂടിയാണ് അബി.












Click it and Unblock the Notifications