ഇ-പോസ് സംവിധാനം ദിവസങ്ങളായി തകരാറിൽ; കൊല്ലം ജില്ലയിൽ റേഷൻ വിതരണം പ്രതിസന്ധിയിൽ
കൊല്ലം: ജില്ലയിൽ റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് സംവിധാനം തുടർച്ചയായ നാലാം ദിവസവും തകരാറിലായതോടെ ആ
ണ് ജില്ലയിൽ റേഷൻ വിതരണം തടസ്സപ്പെട്ടത്. മാസം അവസാനിക്കാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ 65 ശതമാനത്തോളം വിതരണം മാത്രമാണ് പൂർത്തി ആയതെന്ന് വ്യാപാരികൾ പറയുന്നു.
ജില്ലയിലെ 1416 റേഷൻ കടകളിലും അവസ്ഥ ഇതുപോലെ ആണെന്നാണ് പറയുന്നത്. യന്ത്രത്തിൽ വിരൽ പതിക്കുമ്പോൾ കാർഡ് ഉടമയെ തിരിച്ചറിയാനുള്ള ബയോമെട്രിക് വിവരശേഖരണം നടക്കാത്തതാണ് പ്രശ്നം. കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുകയാണ് മറ്റൊരു മാർഗം. ഇതിന് സമയമെടുക്കുകയും ചെയ്യും. മൊബൈൽ എടുക്കാതെ എത്തുന്നവരാണ് ഉപഭോക്താക്കളിൽ ഭൂരിഭാഗവും എന്ന് വ്യാപാരികൾ പറയുന്നു.

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു സാധാരണ റേഷൻ വിഹിതത്തിനു പുറമേ കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന 5 കിലോ അരിയും സൗജന്യമായി ലഭിക്കും. എന്നാൽ ഇതിന് 2 തവണ വിരൽ പതിക്കണം. അല്ലെങ്കിൽ രണ്ടു തവണ തുടർച്ചയായി ഒടിപി ഫോണിൽ ലഭിക്കണം.
തുടർച്ചയായി പത്തു തവണയിൽ അധികം ശ്രമിച്ചാൽ മാത്രമാണ് ചിലപ്പോഴെങ്കിലും ബയോമെട്രിക് സംവിധാനം പ്രവർത്തിക്കുന്നത്. ഇതുമൂലം മണിക്കൂറുകളാണ് റേഷൻ കടകളിൽ കാത്തുനിൽക്കേണ്ടി വരുന്നത്. ജില്ലയിൽ 2 മുതൽ 7 വരെയാണ് ഇ-പോസ് സംവിധാനം വഴി റേഷൻ വിതരണം നടക്കുന്നത്.
കൂടുതൽ ആളുകൾ ഒരു സമയം ഉപയോഗിക്കുന്നത് മൂലമുള്ള പ്രശ്നം പരിഹരിക്കാനാണ് വടക്കൻ ജില്ലകൾക്കും തെക്കൻ ജില്ലകൾക്കും രണ്ടു സമയം നിശ്ചയിച്ചതെങ്കിലും നിലവിൽ പ്രശ്നം പരിഹരിക്കാൻ ആ സംവിധാനത്തിനും കഴിയുന്നില്ല എന്നാണ് പറയുന്നത്.












Click it and Unblock the Notifications