'വളരെ ലളിതമായ രീതിയില്‍ പണി കൊടുക്കാൻ മിടുക്കനാണ് മുകേഷ്, കളിയാക്കിയാലും പ്രശ്നമില്ല'; ഗണേഷ് കുമാർ
തമാശ വളരെ നല്ല രീതിയിൽ ആസ്വദിക്കുന്ന വ്യക്തിയാണ് മുകേഷെന്നും അതുകൊണ്ട് തന്നെ കളിയാക്കിയും ട്രോളിയും മുകേഷിനെ അടിച്ചിരുത്താമെന്ന് കരുതേണ്ടെന്നും മന്ത്രി ഗണേഷ് കുമാർ. കൊല്ലം മണ്ഡലത്തിൽ നടന്ന എൽഡിഎഫ് നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുകേഷ് വളരെ നല്ലൊരു മനുഷ്യനും മികച്ചൊരു എംഎൽഎയും ആണെന്നും ഗണേഷ് കുമാർ പറഞ്ഞു.
'മുകേഷ് എന്റെ സഹോദരനാണ്, സഹപ്രവർത്തകനാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമ ഒരുമിച്ച് അഭിനയിച്ചത് ഒരുപക്ഷേ ഞാനും മുകേഷുമായിരിക്കും. പഴയ പടങ്ങൾ ടിവിയിൽ വരുന്നതൊക്കെ നമ്മൾ രണ്ടും തന്നെ. മുകേഷ് നായകനും ഞാൻ വില്ലനുമൊക്കെയായി ഒരുപാട് ചെറിയ ചെറിയ പടങ്ങൾ അഭിനയിച്ചിട്ടുണ്ട്. മുകേഷ് കഴിഞ്ഞാൽ ഞാൻ മോഹൻലാലിന്റെ കൂടെയാണ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളാണ്.മുകേഷ് പാർലമെന്റിലേക്ക് മത്സരിക്കുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. മുകേഷ് സരസമായി കാര്യങ്ങൾ പറയുന്നയാളാണ്. വളരെ ലളിതമായ രീതിയില്‍ കൊടുക്കേണ്ടവർക്ക് പണി കൊടുക്കാൻ കഴിയുന്ന നല്ല പ്രാസംഗികനാണ്.കേൾക്കുമ്പോൾ മുകേഷ് തമാശ പറയുകയാണെന്നൊക്കെ തോന്നുമെങ്കിലും മുകേഷ് ചിലത് പറഞ്ഞാൽ അത് കൊള്ളേണ്ടിടത്ത് കൊള്ളും. ബുദ്ധിപരമായി ചില കഥകൾ ചില സ്ഥലത്ത് പ്ലേസ് ചെയ്യുകയെന്നത് ഒരാളുടെ രാഷ്ട്രീയപരമായ കഴിവാണ്. പറഞ്ഞ് വരുമ്പോൾ കൊള്ളേണ്ടിടത്ത് കൊള്ളിക്കും.
എന്ത് കളിയാക്കിയാലും മുകേഷിന് പ്രശ്നമില്ല. കാരണം മുകേഷ് കളിയാക്കാത്ത ഒരാളും സിനിമയിൽ ഇല്ല. തമാശകളും ട്രോളുകളുമൊക്കെ നമ്മളെക്കാൾ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നയാളാണ് മുകേഷ്. മുകേഷിനെ തമാശ പറഞ്ഞോ ട്രോളിയോ ഇരുത്തിക്കളയാമെന്നൊന്നും വിചാരിക്കേണ്ട', ഗണേഷ് കുമാർ പറഞ്ഞു.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ-മുകേഷ് പോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എൻ കെ പ്രേമചന്ദ്രൻ മണ്ഡലത്തിൽ വിജയം ആവർത്തിച്ചത്. ഇത്തവണ മുകേഷിലൂടെ മണ്ഡം തിരിച്ചുപിടിക്കാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ യു ഡി എഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. ഇക്കുറിയും മണ്ഡലത്തിൽ വിജയം നേടുമെന്നും പ്രേമചന്ദ്രൻ ഹാട്രിക് അടിക്കുമെന്നുമാണ് യു ഡി എഫുകാർ ആവകാശപ്പെടുന്നത്.
എല്‍ഡിഎഫും യുഡിഎഫും ആർഎസ്പിയും ഒരുപോലെ വിജയിച്ച് കയറിയെ മണ്ഡലമാണ് കൊല്ലമെങ്കിലും ആർ എസ് പിയെ സംബന്ധിച്ച് അവരുടെ സംസ്ഥാനത്തെ ഒരേ ഒരു സ്വാധീനമേഖലയാണ് കൊല്ലം. ഇത്തവണയും കൊല്ലം തങ്ങളെ കൈവിടില്ലെന്നാണ് ആർഎസ്പിയുടെ പ്രതീക്ഷ.












Click it and Unblock the Notifications