മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി ഗൗരി നന്ദ; പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യം
സംഭവത്തിൽ നേരത്തെ യുവജന കമ്മിഷനും പെൺകുട്ടി പരാതി നൽകിയിരുന്നു
കൊല്ലം: ബാങ്കിൽ ക്യൂ നിന്നയാൾ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് പിഴയീടക്കിയ സംഭവം ചോദ്യം ചെയ്തതിന് കേസെടുത്ത പൊലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പെൺകുട്ടി. തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗൗരി നന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറുകയും കൊല്ലം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ചടയമംഗലത്ത് എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിച്ച് തിരിച്ചിറങ്ങുമ്പോൾ കൗണ്ടറിന് മുന്നിൽ ക്യൂ നിന്ന വയോധികന് പൊലീസ് പിഴ ചുമത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ട്, വിവരങ്ങൾ ആരായുകയും ഈ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്തതിന് തനിക്കെതിരെ പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
പൊലീസുമായി ഗൗരി നന്ദ സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നടപടിയെ ചോദ്യം ചെയ്ത 18 കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. ബാങ്കിൽ ക്യൂവിൽ നിന്ന മധ്യവയസ്കനെതിരെ പോലീസ് പിഴ ഈടാക്കിയതോടെ ഇദ്ദേഹം ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇത് കണ്ട് എടിഎമ്മിൽ പണം എടുക്കാൻ വന്ന ഗൗരി നന്ദ അദ്ദേഹത്തോട് കാര്യം തിരക്കിയപ്പോൾ ഇവർക്കെതിരേയും പോലീസ് പെറ്റികേസ് ചുമത്തുകയായിരുന്നു. എന്നാൽ പെറ്റി എഴുതിയ പേപ്പർ ഗൗരി നന്ദ കീറിയെറിഞ്ഞോടെ പോലീസും പെൺകുട്ടിയും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടന്നത്.
സംഭവത്തിൽ നേരത്തെ യുവജന കമ്മിഷനും പെൺകുട്ടി പരാതി നൽകിയിരുന്നു. സംസാരിക്കാതെ കയറിപ്പോകാൻ പറഞ്ഞെന്നും ആണായിരുന്നെങ്കിൽ പിടിച്ച് തള്ളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞതായും പെൺകുട്ടി പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചിട്ടുണ്ടെന്നും എന്നാൽ മാപ്പ് പറയില്ലെന്നും ഗൗരി നന്ദി വ്യക്തമാക്കിയിരുന്നു.
Recommended Video
അതേസമയം ഗൗരി നന്ദയ്‌ക്ക് പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്തെത്തി. ഗൗരി നന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ അറിയിച്ചത്. ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണ്. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരിയോട് പറഞ്ഞു.












Click it and Unblock the Notifications