അയ്യപ്പന്റേയും വാവരുടേയും സൗഹൃദം നോക്കൂ; പള്ളി നിര്‍മാണത്തിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി. കരുനാഗപ്പള്ളി ക്ലാപ്പന ഗ്രാമ പഞ്ചായത്തില്‍ മുസ്ലിം പള്ളിക്ക് നിര്‍മാണ അനുമതി നല്കിയതു ചോദ്യം ചെയ്തു നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കരുനാഗപ്പള്ളി സ്വദേശികളായ 2 പേരാണ് ഹര്‍ജി നല്‍കിയത്.
അയ്യപ്പസ്വാമിയും വാവരും വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച ഐതിഹ്യം എടുത്തുകാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. കേരളത്തിലെ മതസൗഹാര്‍ദം ജനങ്ങള്‍ക്കുള്ളില്‍ ആഴത്തില്‍ വേരൂന്നിയതാണെന്ന് ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേരളത്തിലെ മത ഐക്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചായിരുന്നു ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
അയ്യപ്പ സ്വാമിയും മുസ്ലിം വിഭാഗത്തിലെ വാവരും ക്രിസ്ത്യന്‍ വിഭാഗത്തിലെ അര്‍ത്തുങ്കല്‍ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച ഐതിഹ്യം കേരളത്തിലെ സാമുദായിക ഐക്യത്തെക്കുറിച്ചു വിവരിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. കോടതി. തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ ശബരിമല കൂടാതെ, വാവരുടെ പള്ളിയും അര്‍ത്തുങ്കല്‍ ബസിലിക്കയും സന്ദര്‍ശിക്കുന്നു. ഇവര്‍ അയ്യപ്പ ഭക്തര്‍ക്കു ആതിഥേയത്വം നല്കാന് ഹൃദയപൂര്‍വം ഒരുക്കങ്ങള്‍ നടത്തുന്നുവെന്നും കോടതി പറഞ്ഞു.
തീര്‍ത്ഥാടന കാലത്തിന്റെ അവസാനം മുസ്ലിം പള്ളി ചന്ദനക്കുടം നടത്തുന്നു. ശബരിമല ക്ഷേത്രത്തില്‍ വാവര് നടയുമുണ്ട്. ഇത്തരം ആചാരങ്ങള്‍ കേരളത്തില്‍ പല ഉത്സവങ്ങളിലും പിന്തുടരുന്നുമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിന്റെ സാംസ്കാരിക, മത പ്രകൃതിയില്‍ ഈ രീതിയിലുള്ള മതസൗഹാര്‍ദം പരന്നു കിടക്കുകയാണ്. മതങ്ങള്‍ തമ്മിലുള്ള കേരളത്തിലെ ശക്തമായ ഈ ബന്ധം തകര്‍ക്കാന്‍ ഏതെങ്കിലും പൗരന്മാര് ശ്രമിക്കുമെന്ന് തോന്നുന്നില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
മതമൈത്രി രാജ്യപുരോഗതിക്കും മൗലികാവകാശ സംരക്ഷണത്തിനും നല്കുന്ന സംഭാവന വളരെ വലുതാണെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലം ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനെതിരെ കരുനാഗപ്പള്ളി സ്വദേശികളായ മോഹനന്, ശശി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
'ഗിഫ്റ്റ് ഓഫ് ഗോഡ്' പൊലീസിന് തുണയായി; കുതിരാനില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറിയെ കണ്ടെത്തി
പത്തനംതിട്ട ജില്ലയിലെ എരുമേലിയില്‍ സ്ഥിതി ചെയ്യുന്ന വാവര് പള്ളി പന്തളത്ത് രാജാവ് പണികഴിപ്പിച്ചുകൊടുത്തതാണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ അപൂര്‍വം ആരാധനാലയമാണ് ഇത്. ശബരിമല തീര്‍ത്ഥാടകര്‍ ഇവിടെയെത്തിയ ശേഷമാണ് പൊതുവേ ക്ഷേത്രദര്‍ശനത്തിനായി പോകുന്നത്.