എല്ലാ ഉള്‍നാടന്‍ ജലാശയങ്ങളും മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്തും; 'മുറ്റത്തൊരു മീന്‍തോട്ടം പദ്ധതി' തൊഴില്‍ സാധ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള പദ്ധതിയെന്ന് മന്ത്രി
കൊല്ലം : പ്രളയാനന്തര കേരളത്തില്‍ തൊഴില്‍ സാധ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പ് അഡാക്ക് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല പരിശീലന പരിപാടി ആയിരംതെങ്ങ് സര്‍ക്കാര്‍ കൃഷി ഫാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധ്യമായ ഇടങ്ങളിലെല്ലാം മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളേയും സര്‍ക്കാര്‍ നല്‍കും. ഉള്‍നാടന്‍ മത്സ്യകൃഷി പരമാവധി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദ കൃഷിരീതി ഉറപ്പാക്കും. മത്സ്യോദ്പാദനം ജനകീയമാക്കുന്നതിനാണ് ഫിഷറീസ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, വാര്‍ഡ് അംഗം പി. സെലീന, മന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ പി. സഹദേവന്‍, ജോയിന്റ് ഡയറക്ടര്‍ സി.ടി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, അഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. അജയന്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെമ്മീനും മറ്റ് മത്സ്യങ്ങളും പ്രാദേശികമായി ഉദ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉള്‍നാടന്‍ മത്സ്യകൃഷി നാലിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications