'വഴിയിൽ കിടക്കാത്ത, മൂട്ട കടിക്കാത്ത വണ്ടികൾ വേണം'; പുതിയ ബസ്സ് കൈമാറി മന്ത്രിയുടെ കിടിലൻ പ്രസംഗം
കൊല്ലം: പത്താനപുരം കെ എസ് ആർ ടി സി യൂണിറ്റിന് നാല് പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെ എസ് ആർ ടി സിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ബസ്സുകൾ കൈമാറുന്ന വീഡിയോ പുറത്തുവിട്ടു. വരുമാനം വർദ്ധിക്കുന്നതിനൊപ്പം ചെലവ് കുറച്ചാലെ മെച്ചം ഉണ്ടാകൂവെന്ന് മന്ത്രി പറഞ്ഞു.
പൊതു ഗതാഗത സിസ്റ്റത്തിൽ ജനങ്ങളെ ആകർഷിക്കണമെങ്കിൽ സമയം പാലിച്ചേ പറ്റൂ, നല്ല വണ്ടികൾ വേണം, വഴിയിൽ കിടക്കാത്ത വണ്ടികൾ വേണം, മൂട്ട കടിക്കാത്ത വണ്ടികൾ വേണം, കൃത്യമായി സമയത്ത് എത്തണം, മന്ത്രി പറഞ്ഞു. പൊതു ഖജനാവിൽ നിന്ന് എപ്പോഴും പണം തന്ന് നടത്തിക്കൊണ്ട് പോവുക എന്നത് അസാധ്യമാണ്.

അത് കൊണ്ട് എന്താണ് ചെയ്യേണ്ടത്, വരുമാനം വർദ്ധിക്കുന്നതിനൊപ്പം ചെലവും കുറച്ചാൽ കെ എസ് ആർ ടി സി ക്ക് മെച്ചം ഉണ്ടാവും അദ്ദേഹം പറഞ്ഞു. അതേ സമയം, കെ എസ് ആർ ടി സിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെ പറ്റിയും ജീവക്കാർക്ക് കത്തെഴുതും എന്ന് അധികാര ഏറ്റ് ദിവസങ്ങൾക്കുള്ളിൽ ഗണേശ് കുമാർ പറഞ്ഞിരുന്നു.
' എല്ലാം പഠിച്ച് കഴിഞ്ഞ് തീരുമാനങ്ങളെല്ലാം പ്ലാൻ ചെയ്യുന്നുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുറേ കാര്യങ്ങൾ പബ്ലിഷ് ചെയ്യും. എന്തായാലും ജീവനക്കാർക്ക് ഞാനൊരു കത്തെഴുതുന്നുണ്ട്. ഇതിന്റെ സ്ഥിതി ഗതികളെക്കുറിച്ച് ജീവനക്കാർക്ക് ഒരു കത്ത്. എന്താണ് കെ എസ് ആർ ടി സിയുടെ ഇപ്പോഴത്തെ സ്ഥിതി, ഇതിനെ നമ്മൾ എങ്ങനെ പരിഹരിക്കാം, അതിന് അവരുടെ ഭാഗത്ത് നിന്ന് വേണ്ട സഹകരണത്തെക്കുറിച്ചാണ് കത്ത്, ' അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാ സംഘടനാ നേതാക്കളെയും താൻ ക്ഷണിച്ചിട്ടുണ്ടെന്നും അവരോട് സംസാരിച്ച ശേഷംമ ജീവനക്കാർക്കാെരു തുറന്ന കത്തെഴുതും. എല്ലാം ജീവനക്കാർക്കും സോഷ്യൽ മീഡിയ വഴി, വാട്സ്ആപ്പ് കത്ത് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യും.
പ്രിന്റ് ചെയ്തിറക്കേണ്ട കാര്യമില്ല, തൊഴിലാളികളുടെ പ്രശ്നങ്ങളെല്ലാം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോലിക്ക് എല്ലാവരും കൃത്യമായി വരണമെന്നും റൂട്ടുകൾ മുടങ്ങാൻ പാടില്ലെന്നും നഷ്ടത്തിലോടുന്ന റൂട്ടികളെക്കുറിച്ച് എം എൽ എമാരോട് ചർച്ച ചെയ്യുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.












Click it and Unblock the Notifications