കൊവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് മരിച്ചു: ഹൃദയാഘാതമെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊല്ലം: കൊറോണ വാക്സിൻ സ്വീകരിച്ച നഴ്സ് മരണമടഞ്ഞു. വാക്സിൻ സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിലാണ് വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയിലെ നഴ്സായ 52 കാരി തളർന്നുവീണത്. തുടർന്ന് ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചിട്ടുള്ളത്. ഓച്ചിറ ചങ്ങൻകുളങ്ങര ഗുരുതീർത്ഥത്തിലെ രമണന്റെ ഭാര്യ സുജയാണ് മരിച്ചിട്ടുള്ളത്.
വ്യാഴാഴ്ചാണ് ഇവർ കൊവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച് ഒരു മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം അവർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് അസ്വസ്തകൾ അനുഭവപ്പെട്ടെങ്കിലും സ്വയം ചികിത്സ തേടുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആരോഗ്യസ്ഥിതി വഷളായത്. ഇതോടെ ഇവരെ കരുനാഗപ്പള്ളിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് കുടുതൽ പരിശോധനകൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡിഎംഒ ആർ ശ്രീലത പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടിട്ടുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചത് എന്നാൽ സുജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുടർനടപടികൾ സ്വീകരിക്കുന്നതിനായി മെഡിക്കൽ ബോർഡ് യോഗം ചേരുമെന്നും ഡിഎംഒ വ്യക്തമാക്കി. രേഷ്മ, അശ്വിൻ എന്നിവർ മക്കളാണ്. നിഷാദാണ് മരുമകൻ.












Click it and Unblock the Notifications