ഇന്നലെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ത്ഥി നേരം വെളുത്തപ്പോള്‍ ബിജെപി സ്ഥാനാർത്ഥി
കൊല്ലം: ഇടതുകൊട്ടയായ ജില്ലയില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകള്‍ വർധിപ്പിക്കണമെന്ന നിർദേശമായിരുന്നു കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംസ്ഥാന തലത്തില്‍ നിന്നും കിട്ടിയ നിർദേശം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കം മുതല്‍ ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറികളും പ്രതിസന്ധികളും ശക്തമാണ്. സീറ്റുകള്‍ ആവശ്യപ്പെട്ടും കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിലേക്ക് വരെ എത്തി. ഇതിന് എല്ലാം ഒടുവിലാണ് കോർപ്പറേഷനിലേക്കുള്ള മത്സരത്തില്‍ പാർട്ടിയെ നാണം കെടുത്തുന്ന ഒരു നീക്കം ഒരു മത്സരാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

കൊല്ലം കോർപ്പറേഷന്
കൊല്ലം കോർപ്പറേഷന് ഭരണസമിതിയില്‍ വന്‍ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്കുള്ളത്. ആകെയുള്ള 55 വാർഡുകളില്‍ 35 സീറ്റിലും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചത്. യുഡിഎഫ് വിജയം 16 സീറ്റിലൊതുങ്ങി. രണ്ട് സീറ്റിലായിരുന്നു ബിജെപി വിജയം. ഈ നിലയില്‍ മാറ്റം ലക്ഷ്യമിട്ട് 30 ലേറെ സീറ്റുകളില്‍ വിജയം നേടി കോർപ്പറേഷന് ഭരണം കരസ്ഥമാക്കുകയെന്നതായിരുന്നു ലക്ഷ്യം.

കൈപ്പത്തി ചിഹ്നത്തില്‍
എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാർത്ഥി ഒറ്റ രാത്രികൊണ്ട് ബിജെപിയിലേക്ക് ചേക്കേറി സ്ഥാനാർത്ഥിയായത് ജില്ലയില്‍ കോണ്‍ഗ്രസിന് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സ്ഥാനാർത്ഥിയെ മറുകണ്ടം ചാടിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

താമരക്കുളം
താമരക്കുളം ഡിവിഷനിലാണ് സംഭവം നടന്നത്. കോർപ്പറേഷനിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ശ്രീജ ചന്ദ്രന് സ്ഥാനാർത്ഥിയായി നിന്നത്. ചുവരെഴുത്തുകളും വീടുകയറലുമായി സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവർ ബിജെപിയിലേക്ക് മാറി ഏവരേയും ഞെട്ടിക്കുകായിരുന്നു.

ശ്രീജ ചന്ദ്രന് പുറമെ
ശ്രീജ ചന്ദ്രന് പുറമെ മറ്റ് രണ്ടു പേരും ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു. മൂന്ന് സ്ഥാനാർത്ഥികളും കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യർത്ഥിച്ച് രംഗത്തിറങ്ങിയതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. മൂന്ന് പേരും ഒരോ നോതാക്കളുടെ പിന്തുണയോടെയായിരുന്നു മത്സരിക്കാന്‍ രംഗത്തെത്തിയത്.

താമരയാക്കി
കെപിസിസി നിർവാഹക സമിതി അംഗം എകെ ഹഫീസിന്റെ പിന്തുണയോടെയായിരുന്നു ശ്രീജ ചന്ദ്രന് മത്സരിക്കാനെത്തിയത്. സ്ഥാനാർത്ഥിത്വത്തില്‍ അനിശ്ചിതത്വം ഉയർന്നതോടെ ഒറ്റ രാത്രികൊണ്ട് ശ്രീജ ചന്ദ്രന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി സ്ഥാനാർത്ഥിയാവുകയും ചെയ്തു. പാർട്ടി മാറിയതോടെ ശ്രീജാ ചന്ദ്രന്റെ കൈപ്പത്തി ചിഹ്നം മാറ്റി താമരയാക്കുകയും ചെയ്തു.

ഗ്രൂപ്പ് പോര്
ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളായ നയന ഗംഗ, അനിത എന്നിവരും ഡിവിഷനില്‍ മത്സരത്തിനായി എത്തിയിരുന്നു. അനുനയ ശ്രമങ്ങള്‍ക്ക് തയ്യാറാവതെ മൂന്ന് പേരും ഒരു പോലെ വോട്ടഭ്യര്‍ഥന ആരംഭിച്ചതോടെ സമവായ ശ്രമം നടത്താനായി ഡിസിസി പ്രത്യേക കമ്മിറ്റിയെ രംഗത്തിറക്കുകയും ചെയ്തിരുന്നു.

അതേ വാർഡില്‍
കെപിസി സെക്രട്ടറി സൂരജ് രവി, പ്രദേശിക കൊണ്ഗ്രസ് നേതാവ് ആണ്ടാ മുക്കം റിയാസ് എന്നിവര്‍ മറ്റ് രണ്ട് സ്ഥാനാര്‍ഥികളോടും പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിലപാടിലുറച്ചതോടെ ഡിസിസി നേതൃത്വം നയന ഗംഗയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഇതോടെ ബിജെപിയുമായി ബന്ധപ്പെട്ട ശ്രീജ ചന്ദ്രന് അതേ വാർഡില്‍ ബിജെപി സ്ഥാനാർത്ഥിയാവുകയായിരുന്നു.

വാർഡ് പിടിക്കാം
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ കൈപ്പത്തി ചിഹ്നം മാറി താമരയായ വിവരം അറിയിക്കാനുള്ള തിരക്കിലാണ് ശ്രീജ ചന്ദ്രന്. ശ്രീജ ചന്ദ്രന്റെ വരവോടെ വാർഡ് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇരുമുന്നണികള്‍ക്കും മുന്നേ കൊല്ലം കോർപ്പറേഷനിലെ സ്ഥാനാർത്ഥികളെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇടതുഭരണം
കൊല്ലം നഗരസഭയിലെ അന്‍പത്തിയഞ്ച് ഡിവിഷനില്‍ അന്‍പത്തിനാലിലും മല്‍സരിക്കുന്നത് ബിജെപിയാണ്. ഒരു സീറ്റിലാണ് ഘടകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്നത്. ഇത്തവണം അംഗബലം രണ്ടക്കത്തിലേക്ക് ഉയർത്താന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. കോർപ്പറേഷനിലെ ഇടതുഭരണത്തില്‍ ജനം മടത്തുവെന്നും ബിജെപി നേതാക്കള്‍ വിമർശിക്കുന്നു.

സിപിഎം സ്ഥാനാര്‍ഥികളും
സിപിഐയിലെ സ്ഥാനാർത്ഥി നിർണ്ണയം വെകുന്നതാണ് ഇടതുമുന്നണിയുടെ പ്രഖ്യാപനം വൈകിപ്പിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം ഏകദേശം പൂർത്തിയായതാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചിലയിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു.

കോണ്‍ഗ്രസില്‍ പതിവു പോലെ
മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പടേയുള്ളവരേയും സിപിഎം ഇത്തവണ മത്സര രംഗത്തിറക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും ഐഎന്‍എല്ലിനും ഒരോ സീറ്റു വീതം ഇത്തവണ നല്‍കിയിട്ടുണ്ട്. സ്ഥാനാർത്ഥി മോഹികളുടെ ആധിക്യമാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. ഡിസിസിയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അര്‍ഹമായ പരിഗണന ആവശ്യപ്പെട്ട് ഒരു വിഭാഗം കെഎസ്യു പ്രവർത്തകർ ഒഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.