കള്ളക്കടൽ പ്രതിഭാസം; ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, തിരമാലകൾ ഒന്നര മീറ്റർ വരെ ഉയരാൻ സാധ്യത
കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരമാലകൾ ഒന്നര മീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഞ്ച് വരെയാണ് മുന്നറിയിപ്പ്. തീരപ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ ദേവിദാസ് അറിയിച്ചു.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ തുറമുഖങ്ങളിൽ കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ജലസാമീപ്യമുള്ള താഴ്ന്ന ഇടങ്ങളിൽ താമസിക്കുന്നവരും കരുതലെടുക്കണം.

അപായ സൂചന നൽകാൻ തീരദേശത്ത് മൈക്ക് അനൗൺസ്മെന്റ് നടത്തും. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവരുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതല കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർക്കാണ്. ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എ ഡി എം സി എസ് അനിലിനാണ് പൊതു ഏകോപന ചുമതല. കാെല്ലം കേന്ദ്രീകരിച്ച് സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, കരുനാഗപ്പള്ളി മേഖലയിൽ എൽ ആർ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മോനജ് എന്നിവർക്കാണ് മേൽനോട്ട ചുമതല.
അടിയന്തര യോഗത്തിൽ ജില്ലയിലെ സിറ്റി പോലീസ് കമ്മീഷണർ, എ സി പിമാർ, ജില്ലാ അഗ്നിസുരക്ഷാ ഓഫീസർ, ഡി എം ഒ, വനംവകുപ്പ്, ജില്ലാ മേധാവി , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം - കരുനാഗപ്പള്ളി തഹസിൽദാർമാർ, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ. കോർപ്പറേഷൻ - മുൻസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
അതേ സമയം സംസ്ഥാനത്ത് നാല് ദിവസത്തേക്ക് മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ആണ് ഇന്ന് മഴയ്ക്ക് സാധ്യത. ഏഴാം തീയതി വയനാട് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications