ബുക്ക് ചെയ്ത ടൂറിസ്റ്റ് ബസ് വെള്ളയടിച്ച് കഴിഞ്ഞില്ല; കല്യാണവണ്ടിയായി കെ.എസ്.ആര്‍.ടി.സി എത്തി
കൊല്ലം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കോളടിച്ചത് കെ എസ് ആര്‍ ടി സിക്ക്. നേരത്തെ ടൂറിസ്റ്റ് ബസില്‍ ബുക്ക് ചെയ്ത വിനോദയാത്രകള്‍ പല സകൂളുകളും കെ എസ് ആര്‍ ടി സിയിലേക്ക് മാറ്റിയിരുന്നു.
ഇപ്പോഴിതാ വിവാഹ യാത്രകള്‍ക്കായും കെ എസ് ആര്‍ ടി സി ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് കെ എസ് ആര്‍ ടി സി ബസുകള്‍ വിവാഹ വാഹനമായി എത്തിയത്.

നേരത്തെ ഹേമന്ദ് രാജിന്റെ വിവാഹത്തിന് ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിറം മാറാന്‍ പല ടൂറിസ്റ്റ് ബസുകള്‍ക്കും സമയം കിട്ടിയില്ല. ഇതോടെ ബസുടമകള്‍ ബുക്കിംഗ് റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തിന് വരന്റേയും വധുവിന്റേയും വീട്ടുകാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ബുക്ക് ചെയ്തത്.

ചങ്ങനാശേരിയില്‍ നടന്ന മകന്റെ വിവാഹത്തിനായി റിട്ടയര്‍ തഹസില്‍ദാര്‍ കൂടിയായ ഡി രാജന്‍പിള്ള ബുക്ക് ചെയ്ത ടൂറിസ്റ്റ് ബസുകള്‍ കിട്ടാതായതോടെ കെ എസ് ആര്‍ ടി സിയെ സമീപിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍ ബസുകള്‍ എത്തുകയായിരുന്നു.

വരന്റെ വീട്ടുകാര്‍ ആറ് ലോ ഫ്ളോര്‍ ബസും വധുവിന്റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്. കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെ എം സുധിഷ് ബാബുവിന്റെ മകള്‍ എസ് കാവ്യയും ആയിട്ടായിരുന്നു ഹേമന്ദ് രാജിന്റെ വിവാഹം. നേരത്തെ കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠന വിനോദയാത്ര കെ എസ് ആര്‍ ടി സി ബസിലേക്ക് മാറ്റിയിരുന്നു.

വടക്കാഞ്ചേരി അപകടത്തിന് പിന്നാലെ ആണ് വിനോദയാത്രയ്ക്ക് കെ എസ് ആര്‍ ടി സി ബസ് വിനോദയാത്രക്കായി തെരഞ്ഞെടുത്തത്. നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് ഒഴിവാക്കിയായിരുന്നു യാത്ര കെ എസ് ആര്‍ ടി സി ബസിലേക്ക് മാറ്റിയത്.












Click it and Unblock the Notifications