'മിന്നൽ ബിനു'; ബസ്സിൽ നിന്ന് തെറിച്ചുവീഴാൻ പോയ യാത്രക്കാരനെ മിന്നൽവേഗത്തിൽ രക്ഷപ്പെടുത്തി കണ്ടക്ടർ
കൊല്ലം: ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീഴാൻ പോയ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയ ബസ് കണ്ടക്ടറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പന്തളം - ചവറ റോഡിലൂടെ ഓടുന്ന ബസ്സിൽ കാരാളി മുക്കിൽ വെച്ചാണ് ബസ് കണ്ടക്ടർ ബിനു യാത്രക്കാരനെ രക്ഷിച്ചത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ബിനുവിനെ വിളിച്ച് അഭിനന്ദിച്ചു. യാത്രക്കാരനെ രക്ഷിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ബിനു പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. ടിക്കറ്റ് എടുത്ത ശേഷം ബാലൻസ് വാങ്ങാൻ വേണ്ടി വാതിലിനോട് ചേർന്ന് നിൽക്കുകയായിരുന്നു യാത്രക്കാരൻ. അടുത്ത വളവിൽ വെച്ച് യാത്രക്കാരൻ തെറിച്ച് പോയപ്പോൾ കണ്ടക്ടറുടെ കയ്യിൽ തട്ടുകയും കണ്ടക്ടർ സമയം പാഴാക്കാതെ രക്ഷപ്പെടുത്തുകയുമായിരുന്നു.

കൊല്ലം മൺറോത്തുരുത്ത് സ്വദേശിയായ ബിനു 8 വർഷത്തോളമായി ഈ ബസ്സിലെ കണ്ടക്ടറാണ്. ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് ശാസ്താംകോട്ട തോപ്പിൽ മുക്കിലാണ്. പെട്ടെന്ന് അപകടം ഉണ്ടായപ്പോൾ അറിയാതെ അങ്ങനെ പ്രതികരിച്ചതാണെന്ന് ബിനു പറയുന്നു.
ബിനു മിന്നൽ വേഗത്തിൽ പ്രവർത്തിച്ചത് കാെണ്ടാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടത് എന്നാണ് സംഭവം കണ്ടവരൊക്കെ പറയുന്നത്. മിന്നൽ മുരളി തന്നെയാണ് ഈ കണ്ടക്ടർ എന്നിങ്ങനെയൊക്കെയുള്ള കമന്റുകളാണ് വന്നുകാെണ്ടിരിക്കുന്നത്.












Click it and Unblock the Notifications